ന്യൂസ് ഡെസ്ക്ക് : ക്രിക്കറ്റ് നിര്‍ത്തി പിതാവിനൊപ്പം ഓട്ടോ ഓടിക്കാൻ ഇറങ്ങിക്കൂടേ എന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനെ പരിഹസിച്ചവരുണ്ടായിരുന്നു.റോഡില്‍ ഓട്ടോ തിരിക്കുന്ന ലാഘവത്തോടെ ഏഷ്യാ കപ്പിന്റെ ഫൈനല്‍ ഇന്ത്യക്കനുകൂലമായി തിരിച്ചാണ് സിറാജ് അതിന് വീണ്ടും മറുപടി നല്‍കിയത്. പത്തു ബോളുകള്‍ക്കിടെ ശ്രീലങ്കയുടെ അഞ്ച് മുൻനിരക്കാരെ മടക്കിയയച്ച സിറാജിനെക്കണ്ട് പണ്ട് കളിയാക്കിയിരുന്നവരൊക്കെ ഇന്നലെ കൈയടിച്ചിരിക്കണം. 21 റണ്‍സ് വിട്ടുകൊടുത്ത് ആറ് ശ്രീലങ്കൻ താരങ്ങളെ മടക്കിയയച്ച താരംതന്നെയായിരുന്നു കളിയിലെ ഹീറോ.
ദാരിദ്ര്യത്തിന്റെ തീച്ചൂളയില്ത്തന്നെയാണ് സിറാജ് വളര്‍ന്നത്; ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലവുമായിരുന്നില്ല. അവിടെനിന്ന് കയ്പും കടുത്ത അനുഭവങ്ങളും നേരിട്ടാണ് താരം ടീം ഇന്ത്യയുടെ ജഴ്സിയണിയാൻ തക്കവണ്ണമുള്ള ക്രിക്കറ്റുകളിയുടെ പ്രാപ്തിയിലെത്തിയത്. കരിയര്‍ പച്ചപിടിച്ചതിനെപ്പറ്റി പറയുമ്ബോഴൊക്കെ, അതിനായി പിതാവ് ചിന്തിയ വിയര്‍പ്പിന്റെ കണക്കുകൂടി ഉള്‍ച്ചേര്‍ക്കാറുണ്ട് സിറാജ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈദരാബാദില്‍ മുഹമ്മദ് ഖൗസിന്റെയും ഷാബാന ബീഗത്തിന്റെയും മകനായി 1994-ലാണ് ജനനം. നമ്പള്ളി സഫ ജൂനിയര്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കി. ഏഴാംക്ലാസ് മുതല്‍ത്തന്നെ ക്രിക്കറ്റ് കളിച്ചുതുടങ്ങി. ബാറ്റ്സ്മാനായാണ് തുടക്കം. ഒരുദിവസം ക്രിക്കറ്റ് കളിക്കുന്നതിനിടെ കൂട്ടുകാരനാണ് പറഞ്ഞത്, ബാറ്റിങ്ങിനെക്കാള്‍ മികച്ചതാണ് ബൗളിങ്ങെന്ന്. പിന്നീട് ബൗളിങ്ങിലായി സിറാജിന്റെ കൂടുതല്‍ ശ്രദ്ധ. അതുകൊണ്ടുതന്നെ ഇന്നത്തെ സിറാജിന്റെ എല്ലാ നേട്ടങ്ങള്‍ക്കു പിന്നിലും ഈ കൂട്ടുകാരന്റെ കൂടി കയ്യൊപ്പുണ്ടെന്നു പറയാം.