ഡല്‍ഹി : ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ അഞ്ചുവിക്കറ്റിന്റെ തകര്‍പ്പൻ വിജയം നേടിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തി. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്താൻ ഇന്ത്യൻ ടീമിന് സാധിച്ചു. എന്നാല്‍ ഒന്നാം റാങ്കുകൊണ്ട് കിരീടം നേടാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുൻ ഇന്ത്യൻ താരവും ലോകകപ്പ് കിരീടജേതാവുമായ ഗൗതം ഗംഭീര്‍ രംഗത്തെത്തി.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ ഇക്കാര്യമറിയിച്ചത്. ‘ ഒന്നാം റാങ്ക് നേടിയതുകൊണ്ട് കാര്യമില്ല ലോകകപ്പ് ജയിക്കണമെങ്കില്‍ ഓസ്ട്രേലിയയെ കീഴടക്കണം. 2007-ല്‍ നമ്മള്‍ ട്വന്റി 20 കിരീടം നേടിയപ്പോള്‍ അന്ന് സെമിയില്‍ ഓസ്ട്രേലിയയായിരുന്നു എതിരാളികള്‍. 2011 ലോകകപ്പില്‍ നമ്മള്‍ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ കീഴടക്കി. ഐ.സി.സി. ടൂര്‍ണമെന്റുകള്‍ വരുമ്പോള്‍ ഓസീസ് പുറത്തെടുക്കുന്ന പ്രകടനം വളരെ മികച്ചതാണ്. അവിടെ റാങ്കുകൊണ്ട് കാര്യമില്ല’, ഗംഭീര്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വലിയ ടൂര്‍ണമെന്റുകള്‍ വരുമ്പോള്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കുന്നത് അത്ര എളുപ്പമല്ലെന്ന് ഗംഭീര്‍ പറഞ്ഞു. സാഹചര്യത്തിനനുസരിച്ച് കളിയുടെ ഗതിമാറ്റാൻ ഓസീസ് താരങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ ഇന്ത്യ വിജയിച്ച രണ്ട് ലോകകപ്പിലും നമ്മള്‍ ഓസ്ട്രേലിയയെ കീഴടക്കി. എന്നാല്‍ 2015 ലോകകപ്പ് സെമിയില്‍ നമ്മള്‍ ഓസീസിനോട് തോറ്റു. 2003-ഫൈനലിലും പരാജയപ്പെട്ടു. ഓസ്ട്രേലിയയ്ക്കെതിരേ വിജയിച്ചാല്‍ കിരീടം ഇന്ത്യയ്ക്ക് ലഭിക്കാൻ ഏറെ സാധ്യതയുണ്ട്’, ഗംഭീര്‍ പറഞ്ഞു.