ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ ഗോള്‍മഴയോടെ തുടക്കം ഗംഭീരമാക്കി. പൂള്‍ എയിലെ ആദ്യ മല്‍സരത്തില്‍ ഉസ്‌ബെക്കിസ്താനെയാണ് ഇന്ത്യ തരിപ്പണമാക്കിയത്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ഹര്‍മന്‍പ്രീത് സിങ് നയിച്ച ഇന്ത്യ എതിരില്ലാത്ത 16 ഗോളുകള്‍ക്കു ഉസ്‌ബെക്ക് ടീമിനെ വാരിക്കളയുകയായിരുന്നു. ഇന്ത്യയുടെ അടുത്ത മല്‍സരം 26നു സിംഗപ്പൂരുമായിട്ടാണ്. തുടര്‍ന്നു ജപ്പാന്‍, പാകിസ്താന്‍, ബംഗ്ലദേശ് എന്നിവരുമായും ഇന്ത്യ കൊമ്പുകോര്‍ക്കും.
ഉസ്‌ബെക്കിസ്താനെതിരേ ആദ്യ ക്വാര്‍ട്ടറില്‍ രണ്ടു ഗോളുകളുടെ ലീഡ് മാത്രമേ ഇന്ത്യക്കുണ്ടായിരുന്നുളളൂ. എന്നാല്‍ രണ്ടാമത്തെ ക്വാര്‍ട്ടറില്‍ അഞ്ചു ഗോളുകള്‍ വാരിക്കൂട്ടിയ ഇന്ത്യ വിജയമുറപ്പാക്കി (7-0). മൂന്നാം ക്വാര്‍ട്ടറിലും അഞ്ചു ഗോളുകള്‍ ഇന്ത്യ എതിരാളകളുടെ വലയില്‍ നിക്ഷേപിച്ചു (12-0). അതുകൊണ്ടും ഗോളടി നിര്‍ത്താന്‍ ഇന്ത്യ തയ്യാറായില്ല.അവസാന ക്വാര്‍ട്ടറില്‍ നാലു ഗോളുകള്‍ കൂടി നേടി ഇന്ത്യ ഉസ്ബെക്കിസ്താന്‍റെ നാണക്കേട് പൂര്‍ത്തിയാക്കുകയായിരുന്നു. നാലു ഗോളുകള്‍ വീതം നേടിയ ലളിത് ഉപാധ്യായയും വരുണ്‍ കുമാറുമാണ് ഇന്ത്യക്കു കൂറ്റന്‍ വിജയം സമ്മാനിച്ചത്. മന്‍ദീപ് സിങ് ഹാട്രിക്കുമായും കസറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഷ്യാഡില്‍ നാലാമത്തെ സ്വര്‍ണ മെഡല്‍ മോഹിച്ചാണ് ഇത്തവണ ഇന്ത്യന്‍ ഹോക്കി ടീം ചൈനയിലെത്തിയിരിക്കുന്നത്. 2014ലെ ഗെയിംസിലായിരുന്നു ഇന്ത്യയുടെ അവസാനത്തെ സ്വര്‍ണ മെഡല്‍ നേട്ടം. ജക്കാര്‍ത്തയിലെ കഴിഞ്ഞ ഏഷ്യാഡില്‍ വലിയ പ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യക്കു സ്വര്‍ണം നേടാന്‍ സാധിക്കാതെ പോയിരുന്നു. ഇത്തവണ ഈ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ടീം.