സ്പോർട്സ് ഡെസ്ക്ക് : നാളെ നടക്കുന്ന യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലില്‍ ഇന്റര്‍ മയാമിയുടെ എതിരാളികള്‍ ഹൂസ്റ്റൻ ഡൈനാമോസാണ്. പരിക്കിന്റെ പിടിയിലായിരുന്ന മെസി നാളെ കളിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഫൈനലില്‍ മെസി കളിക്കുമെന്ന കണക്കൂട്ടലിലാണ് ഹൂസ്റ്റൻ ഡൈനാമോസ് കോച്ച് ബെൻ ഓള്‍സണ്‍. മെസി കളിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. ഇതിന് അനുസരിച്ചാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ബെൻ ഓള്‍സൻ പറഞ്ഞു.
“മെസി ഇന്റര്‍ മയാമിക്ക് വേണ്ടി ഇറങ്ങുമെന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. മെസിയെ മുന്നില്‍ കണ്ടാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. കൃത്യമായ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്റര്‍ മയാമിയുടെ ഏറ്റവും മികച്ച ഇലവനെ പ്രതീക്ഷിച്ച് തന്നെയാണ് ഞങ്ങള്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്.” ഹൂസ്റ്റൻ ഡൈനാമോസ് കോച്ച് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെസിയുടെ മാജിക്ക് തടയാൻ തന്റെ കൈവശം പ്രത്യേക ഫോര്‍മുലയൊന്നും ഇല്ല. എന്നിരുന്നാലും ഒരു ശ്രമം നടത്തുമെന്നും ഓള്‍സൻ പറഞ്ഞു.
“മെസിയെ തടയാൻ അദ്ദേഹത്തിന്റെ കരിയറില്‍ ഉടനീളം അനവധി കോച്ചുമാര്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അവരെല്ലാം പരാജയപ്പെട്ടതാണ്. മെസിയെ തടയാനുള്ള മാജിക്ക് ബുള്ളറ്റ് എന്റെ പക്കലുമില്ല.” ഹൂസ്റ്റൻ കോച്ച് വ്യക്തമാക്കി.
പരിക്ക് മാറി ലയണല്‍ മെസി പൂര്‍ണ്ണ ശാരീരിക ക്ഷമത വീണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍, ഇന്നലെ നടന്ന ഇന്റര്‍ മയാമിയുടെ ട്രെയിനിംഗ് സെഷനില്‍ സൂപ്പര്‍ താരം പങ്കെടുത്തിരുന്നില്ല. യുഎസ് ഓപ്പണ്‍ കപ്പില്‍ മെസി കളിക്കാനുള്ള സാധ്യത ഇന്റര്‍ മയാമി കോച്ച് തള്ളിക്കളഞ്ഞിട്ടില്ല. ഇന്ത്യൻ സമയം നാളെ രാവിലെ 6 മണിക്കാണ് ഇന്റര്‍ മയാമി, ഹൂസ്റ്റൻ ഡൈനാമോസ് ഫൈനല്‍.