ഹാങ്ചൗ : ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണ്‍ ടീം ഇനങ്ങളില്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യ ഇന്നിറങ്ങുന്നു. ലോകത്തിലെ കരുത്തരായ ചൈന, ജപ്പാൻ, ഇന്തോനേഷ്യ, മലേഷ്യ, കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ മാറ്റുരക്കുന്ന വേദിയില്‍ ഇതുവരെ മാറോട് ചേര്‍ക്കാൻ കഴിയാതെ പോയ സ്വര്‍ണം തേടിയാണ് ഇന്ത്യയുടെ പടപുറപ്പാട്.
ടീം ഇനങ്ങളിലും പുരുഷ സിംഗിള്‍സില്‍ മലയാളിയായ എച്ച്.എസ്. പ്രണോയിയിലും ഡബിള്‍സില്‍ സാത്വിക് സായ് രാജ് രാൻകിറെഡ്ഡി ചിരാഗ് ഷെട്ടി കൂട്ടുകെട്ടിലുമാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ഇന്ത്യയുടെ സമ്ബാദ്യം ഇതുവരെ വെറും 10 മെഡല്‍ മാത്രമാണ്. പുരുഷ ടീമിനത്തില്‍ മൂന്നും വനിതകളുടെ ടീമിനത്തില്‍ രണ്ടും വെങ്കല മെഡല്‍ നേടിയപ്പോള്‍ പുരുഷ ഡബിള്‍സിലും മിക്സ്ഡ് ഡബിള്‍സിലും ഓരോ മെഡലുകള്‍ കിട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യക്തിഗത ഇനത്തില്‍ മൂന്ന് തവണയാണ് ഇന്ത്യക്കാര്‍ മെഡല്‍ പോഡിയം ചവിട്ടിയത്. കഴിഞ്ഞ തവണ പി.വി. സിന്ധു നേടിയ വെള്ളിയാണ് വ്യക്തിഗത ഇനത്തിലെ മികച്ച നേട്ടം. ജക്കാര്‍ത്തയില്‍ സൈന നെഹ്‍വാള്‍ വെങ്കലം നേടിയപ്പോള്‍ സയ്യിദ് മോഡിയുടെ വകയായിരുന്നു പുരുഷ സിംഗിള്‍സിലെ ഏക വെങ്കല മെഡല്‍. എതിരാളികള്‍ കരുത്തരാണെങ്കിലും തങ്ങളുടേതായ ദിവസം ഏത് കൊലകൊമ്പന്മാരെയും കീഴടക്കാൻ കെല്‍പുള്ളവരാണ് പ്രണോയും ലക്ഷ്യസെന്നും കിഡംബി ശ്രീകാന്തുമൊക്കെ. രാൻകി റെഡ്ഡി ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ലോകത്തിലെ തന്നെ മുൻനിരക്കാരാണ്.
വനിതകളില്‍ രണ്ടു ഒളിമ്ബിക് മെഡലുകള്‍ മാറോട് ചേര്‍ത്ത സിന്ധു ഒട്ടും ഫോമിലല്ലാത്തതാണ് ഇന്ത്യയെ കുഴക്കുന്നത്. താരതമ്യേന പുതുമുഖങ്ങളായ അഷ്മിത ചാലിഹ,അനുപമ ഉപാധ്യായ്, മാളവിക ബൻസോദ് എന്നിവര്‍ക്ക് ആൻ സെ യുങ്ങും തായ് സു യിങും അകാനെ യാമഗുച്ചിയുമൊക്കെ കളിക്കുന്ന കോര്‍ട്ടുകളില്‍ എത്ര വരെ മുന്നേറാനാവുമെന്ന് കണ്ടറിയണം.