കത്തിയെരിഞ്ഞ രാജ്യത്തിൻറെ പ്രതീക്ഷകളിൽ നിന്നും , ചേതനയറ്റ ശരീരങ്ങളുടെ അസ്ഥിവെന്ത ദുർഗന്ധത്തിൽ നിന്നും വിശ്വ കിരീടം നേടാനുള്ള വണ്ടി കയറിയവർ ! 1996 ലെ ലോകകപ്പ് ശ്രീലങ്കൻ ടീമിന് വെറുമൊരു ക്രിക്കറ്റ് മത്സരം മാത്രമായിരുന്നില്ല ; തളർന്നു വീഴാത്ത സിംഹള വീര്യം ഒടുവിൽ ലോകകപ്പ് ഉയർത്തുമ്പോൾ ടീമിനൊപ്പം രാജ്യത്തെ മുഴുവൻ കണ്ണുകളും ഒരു പക്ഷേ  ഈറനണിഞ്ഞിട്ടുണ്ടായിരിക്കാം

സ്പോർട്സ് ഡെസ്ക്ക് : കത്തിയെരിഞ്ഞ രാജ്യത്തിൻറെ പ്രതീക്ഷകളിൽ നിന്നും , സ്ഫോടനത്തിൽ തകർന്ന ബഹുനില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നും ,  ചേതനയറ്റ ശരീരങ്ങളുടെ അസ്ഥിവെന്ത ദുർഗന്ധത്തിൽ നിന്നും , രാജ്യം എന്നും മുഴങ്ങി കേട്ട ആർത്തനാദങ്ങളിൽ നിന്നും ,  അങ്ങനെയങ്ങനെ ഒരു രാജ്യത്തിൻറെ കെട്ടനാളുകളുടെ ദൈന്യത നിറഞ്ഞ അവശേഷിപ്പുകളുമായി അവർ ലോക രാജാക്കന്മാർ ആകാൻ സ്വപ്നയാത്ര തുടങ്ങി.

Advertisements

ഒരു രാജ്യത്തിൻറെ പ്രധാന സമ്പദ് വ്യവസ്ഥ തന്നെ തകർന്നു തരിപ്പണമായ ആ രാജ്യത്തിൻറെ നിലനിൽപ്പ് തന്നെ അപകടത്തിലായ അസന്നിഗ്ധ ഘട്ടം. തോക്കുകളും പീരങ്കികളും വീര്യമേറിയ യുദ്ധോപകരണങ്ങളും സംസാരിച്ചിരുന്ന കലാപ കലുഷിതമായ കാലം. ഉറ്റവരുടെയും ഉടയവരുടെയും ചേതനയറ്റ ശരീരങ്ങളും പാതി ജീവൻ അവശേഷിപ്പിച്ച കണ്ണീർ നിമിഷങ്ങളും ചേർത്തുപിടിച്ചു കൊണ്ടായിരുന്നു അവരാ വിശ്വ കിരീടത്തിന് വേണ്ടി വണ്ടി കയറുന്നത്. ഓർക്കാൻ ഇഷ്ടപ്പെടാത്ത വലിയ ഒരു വലിയ ദുരന്തത്തിന് അവശേഷിപ്പിക്കുകളുമായി ലോകത്തെ തന്നെ ഏറ്റവും വലിയ പോരാട്ടത്തിന് ഇറങ്ങേണ്ടി വരുന്ന സിംഹള ടീമിലെ ആ അംഗങ്ങളുടെ  മാനസികാവസ്ഥ ഒന്ന് ചിന്തിച്ചു നോക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതെ 1996 ജനുവരി 31, ശ്രീലങ്കൻ ജനതയുടെ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്ന സമയവും തീയതിയുമാണിത്. എല്‍ടിടിഇ നടത്തിയ ഏറ്റവും ദാരുണവും മാരകവുമായ പ്രവൃത്തി. കൊളംബോയില്‍ സ്ഥിതി ചെയ്യുന്ന ശ്രീലങ്കൻ സെൻട്രല്‍ ബാങ്കിലേക്ക് 440 പൗണ്ട് (44,458 രൂപ) വിലവരുന്ന സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു ട്രക്ക് കടന്നുകയറി. അത് ശ്രീലങ്കയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ കീഴ്മേല്‍ മറിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ ബോംബുകള്‍ പൊട്ടിത്തെറിച്ച്‌ സെൻട്രല്‍ ബാങ്കും സമീപത്തുള്ള മറ്റ് എട്ട് കെട്ടിടങ്ങള്‍ക്കും ഗുരുതര കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം എല്‍ടിടിഇ ഏറ്റെടുത്തു. ഏകദേശം 90 പേര്‍ കൊല്ലപ്പെട്ടു. 1400 പേര്‍ക്ക് പരിക്കേറ്റു.

1996ലെ ഏകദിന ലോകകപ്പ് ആരംഭിക്കുവാൻ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് ആക്രമണം നടന്നത്. തകര്‍ന്നടിഞ്ഞ സാമ്പത്തിക സ്ഥിതിയെ പുനഃരുദ്ധരിക്കുകയെന്ന പ്രതീക്ഷയും ശ്രീലങ്കയ്ക്ക് ലോകകപ്പിലൂടെ ഉണ്ടായിരുന്നു. ശ്രീലങ്കയില്‍ കളിക്കാൻ ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും വിസമ്മതിച്ചു. അങ്ങനെ ഇരുടീമുകള്‍ക്കുമെതിരായ മത്സരങ്ങളില്‍ ശ്രീലങ്ക വിജയികളായി. സിംബാബ്‌വെയ്ക്കെതിരെ അനായാസ വിജയവും സ്വന്തമാക്കി.

നാലാം മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു. കെനിയയ്ക്കെതിരെ അരവിന്ദ ഡി സില്‍വ 115 പന്തില്‍ നിന്നും 145 റണ്‍സെടുത്തു. ശ്രീലങ്ക അഞ്ചിന് 398 എന്ന ഗംഭീര ടോട്ടലിലെത്തി. 144 റണ്‍സിന്റെ തകര്‍പ്പൻ ജയം. ഇംഗ്ലണ്ടിനെതിരെ വെടിക്കെട്ട് തീര്‍ത്തത് സനത് ജയസൂര്യ. ഇംഗ്ലണ്ട് 50 ഓവറില്‍ 235 എന്ന ഭേദപ്പെട്ട സ്കോറിലെത്തി. പക്ഷേ ജയസൂര്യന്റെ അഗ്നിയില്‍ 40.4 ഓവറില്‍ ശ്രീലങ്ക ലക്ഷ്യം മറികടന്നു.

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ആദ്യ സെമി നടന്നു. ശ്രീലങ്കയുടെ 252 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ എട്ടിന് 120 എന്ന നിലയിലേക്ക് തകര്‍ന്നു. പിന്നാലെ ഇന്ത്യൻ ആരാധകരുടെ നിരാശയ്ക്കും കാംബ്ലിയുടെ കണ്ണുനീരിനും ഈഡൻ ഗാര്‍ഡൻ സാക്ഷ്യം വഹിച്ചു. ഇന്ത്യൻ ആരാധകര്‍ മത്സരം തടസപ്പെടുത്തിയതോടെ ശ്രീലങ്ക ഫൈനലിലേക്ക്.കലാശപ്പോരിന് പാകിസ്താനിലെ ലഹോറായിരുന്നു വേദി. ഓസ്ട്രേലിയയും ശ്രീലങ്കയും നേര്‍ക്കുനേര്‍ വന്നു. 

ഒരു ക്രിക്കറ്റ് മത്സരത്തേക്കാള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അഭിമാനത്തിന്റെ പോരാട്ടം കൂടിയായിരുന്നു അത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ശ്രീലങ്കയില്‍ കളിക്കാൻ തയ്യാറാകാതെയിരുന്ന ഓസ്ട്രേലിയ ഒരുവശത്ത്. അതേ ഓസീസിനെ തോല്‍പ്പിച്ച്‌ സ്വന്തം നാട്ടിലേക്ക് ലോകകപ്പ് കൊണ്ടുപോകാൻ തയ്യാറായി നിൽക്കുന്ന ശ്രീലങ്ക മറുവശത്ത്. ശ്രീലങ്കയെ സംബന്ധിച്ച് കലാപം പൊട്ടിപ്പുറപ്പെട്ട നാടിനെ കരകയറ്റുവാനുള്ള രാജ്യത്തിനായുള്ള പോരാട്ടം കൂടിയായിരുന്നു ആ വിശ്വ കപ്പ് . വിജയം മാത്രമായിരുന്നു അവരുടെ ലക്ഷ്യവും. 

തോൽവിയെക്കുറിച്ച് ഒരു ഘട്ടത്തിൽ പോലും ചിന്തിക്കാത്ത നിശ്ചയദാർഢ്യത്തിന്റെ സിംഹള വീര്യം. അതവർ ഫൈനലിൽ പുറത്തെടുക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നന്നായി ബാറ്റ് ചെയ്തു. 50 ഓവര്‍ ഏഴ് വിക്കറ്റിന് 241 റണ്‍സെടുത്തു. പക്ഷേ അരവിന്ദ ഡി സില്‍വയുടെ പോരാട്ടം ശ്രീലങ്കയ്ക്ക് അനായാസ വിജയം നേടിക്കൊടുത്തു. ഒരു ടീമിന് വിജയത്തിലേക്ക് നടന്നടക്കുവാൻ തക്കവണ്ണം സന്തോഷ സൂചകമായ ഒരു ബാക്കപ്പോ പ്രതീക്ഷയുടെ ,  ശുഭചിന്തയുടെ ബോണസ് പോയിന്റുകളോ  ഒന്നുമില്ലാതെ തകർന്നടിഞ്ഞുവീണ സ്വപ്നങ്ങളിൽ നിന്നും അവർ പറന്നുയർന്നത് ഉറച്ച നിശ്ചയദാർഢ്യത്തിന്റെ അതിലുപരി നഷ്ടപ്പെടലുകളിൽ നിന്നും രാജ്യത്തെ തിരികെ പിടിക്കണമെന്ന അടങ്ങാത്ത മോഹവും ഇന്ധനമാക്കിയിട്ടായിരുന്നു. 1996 ലെ ലോകകപ്പ് സിംഹ രാജാക്കന്മാർ ഉയർത്തുമ്പോൾ തീർച്ചയായും ആ ശ്രീലങ്കൻ ടീമിനൊപ്പം രാജ്യത്തെ മുഴുവൻ കണ്ണുകളും ഒരു പക്ഷേ  ഈറനണിഞ്ഞിട്ടുണ്ടായിരിക്കാം .

Hot Topics

Related Articles