സ്പോർട്സ് ഡെസ്ക്ക് : നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ജേതാക്കളാവാന്‍ രോഹിത് ശര്‍മയും സംഘവും എന്താണ് ചെയ്യേണ്ടതെന്നു ഉപദേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.
2011ല്‍ ഇന്ത്യ അവസാനമായി ടൂര്‍ണമെന്റിനു വേദിയായപ്പോള്‍ കപ്പുയര്‍ത്തിയ ഇന്ത്യന്‍ സംഘത്തില്‍ വീരുവുമുണ്ടായിരുന്നു. മുന്‍ ഇതിഹാസ നായകന് എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി മികവിലായിരുന്നു അന്നു ഇന്ത്യ തങ്ങളുടെ രണ്ടാം ലോകകിരീടത്തില്‍ മുത്തമിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2011ലെ ടൂര്‍ണമെന്റില്‍ കളിക്കളത്തിനു പുറത്തുള്ള ടീമിന്റെ സമീപനമായിരുന്നു ലോകകപ്പ് വിജയത്തില്‍ നിര്‍ണായകമായി മാറിയതെന്നാണ് വീരു വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തവണത്തെ ടീമും ഇതു തന്നെ പിന്തുടരുന്നത് നന്നായിരിക്കുമെന്നും അദ്ദഹം വ്യക്തമാക്കി. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു സെവാഗ്.
അന്നു ടീം മീറ്റിങ്ങുകളുണ്ടായിരുന്നപ്പോള് ഞങ്ങള്‍ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. ടൂര്‍ണമെന്റ് കഴിയും വരെ പത്രം വായിക്കില്ലെന്നും പുറത്തു നിന്നുള്ള യാതൊരു ബഹങ്ങളും ശ്രദ്ധിക്കില്ലെന്നും ഞങ്ങള്‍ ഉറപ്പിച്ചു. കാരണം അത്തരം കാര്യങ്ങള്‍ നിങ്ങള്‍ക്കു മേലുള്ള സമ്മര്‍ദ്ദം കൂട്ടുകയാണ് ചെയ്യുക.
അതിനാല്‍ തന്നെ ഈ കാര്യങ്ങളില്‍ നിന്നും ഞങ്ങള്‍ പൂര്‍ണമായി വിട്ടു നിന്നു. അന്നു അതൊരു നിയമം പോലെയായി മാറുകയും ഏറെക്കുറെ എല്ലാവരും ആത്മാര്‍ഥമായി അവയെല്ലാം പിന്തുടരുകയും ചെയ്തു. ഞങ്ങളെല്ലാം ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ടീമെന്ന നിലയില്‍ ഞങ്ങള്‍ വളരെയധികം ആസ്വദിക്കുകയും ടീമിനെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കി മാറ്റാനുള്ള വ്യായാമങ്ങള്‍ ചെയ്യുകയും ചെയ്തു.
കാരണം ലോകകപ്പ് ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റായതിനാല്‍ തന്നെ താരങ്ങള്‍ തമ്മില്‍ അകന്നുപോവാനുള്ള സാധ്യതയുണ്ടായിരുന്നു. ഞങ്ങള്‍ എല്ലായ്പ്പോഴും ഒറ്റക്കെട്ടായി ഒരു കുടുംബം പോലെയാണ് മുന്നോട്ടു പോവുന്നതെന്നു കോച്ച് ഗ്യാരി കേസ്റ്റണും ക്യാപ്റ്റന്‍ എംഎസ് ധോണിയും ഉറപ്പ് വരുത്തുകയും ചെയ്തിരുന്നതായി സെവാഗ് വിശദമാക്കി.
ലോകകപ്പിലെ ഓരോ മല്‍സരങ്ങള്‍ക്കു മുൻപും ശേഷവും ഞങ്ങള്‍ ഗെറ്റ് ടു ഗെതറുകള് നടത്തിയിരുന്നു. ഈ ഒത്തുചേരലുകളില്‍ ഞങ്ങള്‍ കൂടുതലായും സംസാരിച്ചിരുന്നത് ക്രിക്കറ്റിനെക്കുറിച്ചായിരുന്നു. ഡിന്നറുകള്ക്കിടെ ക്രിക്കറ്റിലെ തന്ത്രങ്ങളായിരുന്നു ഞങ്ങളുടെ പ്രധാന സംസാരവിഷയം. ഞാനും നിര്‍ദേശങ്ങള്‍ നല്കാറുണ്ടായിരുന്നു. ഇവയൊക്കെയായിരുന്നു ടീമിന്റെ ലോകകപ്പ് വിജയത്തിനു പിന്നിലെ പ്രധാന കാരണം.
തീര്‍ച്ചയായും ഞങ്ങള്‍ക്കും ആ സമയങ്ങളില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. വിമാന യാത്രയ്ക്കിടെ കാണുന്നവരും, സുരക്ഷാ ഉദ്യോഗസ്ഥരും, ഹോട്ടലുകളിലെത്തിയാല്‍ അവിടെയുള്ള മാനേജര്‍മാരും വെയിറ്റര്‍മാരുമെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യം ലോകകപ്പ് ജയിക്കണം എന്നതായിരുന്നുവെന്നും സെവാഗ് പറയുന്നു.ഞങ്ങളോടു അന്നു ടീം ക്യാപ്റ്റന്‍ ധോണി പറഞ്ഞിരുന്നത് ഒരു കാര്യം മാത്രമാണ്, പ്രക്രിയയില്‍ ശ്രദ്ധിക്കുകയെന്നായിരുന്നു അദ്ദേഹത്തിന്റെ മന്ത്രം. ഞങ്ങളുടെ പ്രക്രിയ നല്ലതായിരുന്നു, അതുകൊണ്ടു തന്നെയാണ് അന്നു വിജയം കൈവരിച്ചതെന്നും വീരു കൂട്ടിച്ചേര്‍ത്തു. മുംബൈയിലെ വാംഖഡെയില്‍ നടന്ന കലാശക്കളിയില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം.