അശ്വിന്റെ അപരനെ നെറ്റ്സിൽ പന്തെറിയാൻ ക്ഷണിച്ച് ഓസ്ട്രേലിയ ; ഓസീസ് തന്ത്രം പൊളിച്ച് ബറോഡ കോച്ച് 

സ്പോർട്സ് ഡെസ്ക്ക് : ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന സ്പിന്നര്‍മാരില്‍ ഒരാളാണ് രവിചന്ദ്രൻ അശ്വിൻ. അശ്വിനെ ഇന്ത്യയുടെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതോടെ എതിര്‍ ടീമുകള്‍ക്കൊക്കെയും ഭയങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.ഇന്ത്യൻ മണ്ണില്‍ രവിചന്ദ്രൻ അശ്വിനെ നേരിടുക എന്നത് മറ്റു ടീമുകള്‍ക്ക് വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളിയെ അതിജീവിക്കാനായി പരീക്ഷണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് എതിര്‍ ടീമുകള്‍. അശ്വിനെതിരെ കളിക്കാൻ ഓസ്ട്രേലിയൻ ടീം വലിയൊരു തന്ത്രം ആവിഷ്കരിക്കുകയുണ്ടായി.

Advertisements

അശ്വിനെ പോലെ തന്നെ പന്തെറിയുന്ന ഇന്ത്യയുടെ യുവ താരമായ മഹേഷ് പിതിയയെ ടീമിനൊപ്പം ചേര്‍ക്കാനാണ് ഓസ്ട്രേലിയ ശ്രമിച്ചത്. തങ്ങളുടെ ടീമിനായി നെറ്റ്സില്‍ പന്തറിയാൻ പിതിയയെ ഓസ്ട്രേലിയൻ ടീം ക്ഷണിച്ചിരുന്നു. എന്നാല്‍ ഇത്തവണ തനിക്ക് ഓസ്ട്രേലിയൻ ടീമിനായി നെറ്റ് സെക്ഷനില്‍ പങ്കെടുക്കാൻ സാധിക്കില്ല എന്ന് പിതിയ അറിയിച്ചിട്ടുണ്ട്.ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ് ആദ്യം പ്രഖ്യാപിക്കുന്ന സമയത്ത് അശ്വിൻ അതിന് അടുത്തുപോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ടീമില്‍ ഉണ്ടായിരുന്ന ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന് പരിക്കേറ്റ സാഹചര്യത്തിലാണ് പകരക്കാരനായി അശ്വിൻ ഇന്ത്യയുടെ ടീമിലേക്ക് എത്തിയത്. ഇതിന് ശേഷമാണ് ഓസ്ട്രേലിയൻ ടീം ഇത്തരമൊരു നീക്കം നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബറോഡയുടെ താരമായ മഹേഷ് പിതിയ അശ്വിന്റെ അതേ സ്റ്റൈലില്‍ തന്നെ പന്തറിയുന്ന കളിക്കാരനാണ്. മുൻപ് ബോര്‍ഡര്‍- ഗവാസ്കര്‍ ട്രോഫി നടക്കുന്ന സമയത്ത് ഓസ്ട്രേലിയ പിതിയയെ തങ്ങളുടെ നെറ്റ് പ്രാക്ടീസിനായി ക്ഷണിച്ചിരുന്നു. അന്ന് പിതിയയുടെ പന്തുകളെ നേരിട്ട് പരിശീലിച്ച ശേഷമാണ് അശ്വിനെതിരെ ഓസ്ട്രേലിയ മൈതാനത്ത് ഇറങ്ങിയത്. അതുതന്നെ ലോകകപ്പിലും ആവര്‍ത്തിക്കാനാണ് ഓസ്ട്രേലിയ ശ്രമിച്ചത്.

എന്നാല്‍ നിലവില്‍ ബറോഡ ടീമിന്റെ അഭിവാജ്യ ഘടകം തന്നെയാണ് മഹേഷ്. അതിനാല്‍ തന്നെ ബറോഡ ബോളിംഗ് പരിശീലകനായ എസ് അരവിന്തുമായി ഇക്കാര്യം മഹേഷ് സംസാരിക്കുകയുണ്ടായി. എന്നാല്‍ ഈ സാഹചര്യത്തില്‍ ഓസ്ട്രേലിയൻ ടീമില്‍ ചേരേണ്ടതില്ല എന്നാണ് ബോളിംഗ് പരിശീലകൻ പിതിയയ്ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇതിന്റെ കാരണവും പിതിയ വിശദീകരിച്ചിരുന്നു. “ഓസ്ട്രേലിയ എന്റെ മുൻപിലേക്ക് വെച്ചത് നല്ലൊരു ഓഫര്‍ തന്നെയായിരുന്നു. എന്നാല്‍ അടുത്തമാസം ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ ആരംഭിക്കുകയാണ്. നിലവില്‍ ഞാൻ സീസണില്‍ ബറോഡ ടീമിന്റെ ഭാഗമാണ്. എന്റെ പരിശീലകനുമായി ആലോചിച്ച ശേഷം ഞാൻ ഓസ്ട്രേലിയൻ ടീമിനെ ഇക്കാര്യത്തിലെ നിലപാട് അറിയിച്ചിട്ടുണ്ട്.”- പിതിയ പറയുന്നു.

ഇത്തവണത്തെ ലോകകപ്പില്‍ ഓസ്ട്രേലിയ എത്രമാത്രം രവിചന്ദ്രൻ അശ്വിനെ ഭയക്കുന്നുണ്ട് എന്നതിന് ഉദാഹരണം കൂടിയാണ് ഈ നീക്കം. എന്നിരുന്നാലും ബോര്‍ഡര്‍- ഗവസ്കര്‍ ട്രോഫിയില്‍ ഇത്തരമൊരു നീക്കം പുറത്തെടുത്തിട്ടും ഓസ്ട്രേലിയക്ക് വിജയം കാണാൻ സാധിച്ചിരുന്നില്ല. ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരം നടക്കുന്നത്. മുൻപ് ഏകദിന പരമ്ബരയില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

Hot Topics

Related Articles