കൊച്ചി : ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്നുകഴിഞ്ഞു. 2011ന് ശേഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ കപ്പില്‍ കുറഞ്ഞൊന്നും ആതിഥേയര്‍ ചിന്തിക്കുന്നില്ല.കരുത്തുറ്റ താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. രോഹിത് ശര്‍മയ്ക്ക് കീഴില്‍ സന്തുലിതമായ ടീമിനെ ഇത്തവണ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. സമീപകാലത്തെ ടീമിന്റെ പ്രകടനങ്ങളെല്ലാം വളരെ മികച്ചതുമാണ്. ഇത്തവണത്തെ ഫേവറേറ്റുകളെന്ന് തന്നെ ഇന്ത്യയെ വിശേഷിപ്പിക്കാം.
എന്നാല്‍ മലയാളി ആരാധകരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യം സഞ്ജു സാംസണിന്റെ അഭാവമാണ്. ഏഷ്യന്‍ ഗെയിംസ്, ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് തുടങ്ങിയ പ്രധാന ടൂര്‍ണമെന്റുകളിലൊന്നും സഞ്ജു പരിഗണിക്കപ്പെട്ടില്ല. സഞ്ജുവിനെ ആരാധിക്കുന്നവര്‍ക്കെല്ലാം വലിയ നിരാശയാണ് ഇത്തവണത്തെ ലോകകപ്പിലുള്ളത്. 19ാം വയസില്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയിട്ടും പിന്തുണക്കാന്‍ ആളില്ലാത്തതിനാല്‍ അന്താരാഷ്ട്ര കരിയര്‍ പ്രതീക്ഷക്കൊത്ത് ഉയരത്തിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോവുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോഴിതാ കരിയറില്‍ ഏറ്റവും സര്പ്രൈസായതും മറക്കാനാവാത്തതുമായ സംഭവത്തെക്കുറിച്ച് സഞ്ജു മനസ് തുറന്നതിന്റെ വീഡിയോ വീണ്ടും വൈറലാവുകയാണ്. തനിക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള ആദ്യത്തെ വിളി ലഭിച്ച സംഭവത്തെക്കുറിച്ച് സഞ്ജു പറഞ്ഞതാണ് വീണ്ടും വൈറലാവുന്നത്. ’18ാം വയസില്‍ രാജസ്ഥാന് റോയല്‍സിലേക്കെത്തി. 19ാം വയസിലാണ് ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളി ലഭിക്കുന്നത്. അന്ന് ഞാന്‍ കോളേജിലായിരുന്നു.
ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത് അറിഞ്ഞിരുന്നില്ല. അച്ഛനാണ് കോളേജ് പ്രിന്സിപ്പാളിനോട് ഇന്ത്യന്‍ ടീമിലേക്ക് എന്നെ പരിഗണിച്ചിട്ടുണ്ടെന്ന കാര്യം പറയുന്നത്. ഇതോടെ അച്ഛനും പ്രിന്‍സിപ്പാളും സുഹൃത്തുക്കളും എല്ലാവരും ചേര്‍ന്ന് ബാന്റ്സെറ്റൊക്കെ കൊട്ടിയാണ് എന്നെ ഈ വാര്‍ത്ത അറിയിക്കാന്‍ എത്തിയത്. ഇന്നും മറക്കാനാവാത്ത മനോഹരമായ ഓര്‍മയാണത്. ശരിക്കും സര്‍പ്രൈസായിരുന്നു’- സഞ്ജു സാംസണ് അഭിമുഖത്തില്‍ പറഞ്ഞു.
19ാം വയസില്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടും സഞ്ജുവിന് 20 ഏകദിനം പോലും കളിക്കാനുള്ള അവസരം ടീം മാനേജ്മെന്റ് നല്‍കിയില്ലെന്ന നിരാശയാണ് ആരാധകര്‍ പങ്കുവെക്കുന്നത്. 2014ല്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ 17 അംഗ ടീമിലേക്കാണ് സഞ്ജുവിന് വിളിയെത്തുന്നത്. അഞ്ച് ഏകദിനവും ഒരു ടി20യും ഉള്‍പ്പെടുന്ന പരമ്പരയായിരുന്നു ഇത്. പരിഗണിക്കപ്പെട്ടെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചില്ല.
2015ല്‍ സിംബാബ്വെക്കെതിരേയാണ് സഞ്ജു ടി20 അരങ്ങേറ്റം നടത്തുന്നത്. ഏകദിന അരങ്ങേറ്റത്തിനായി 2021വരെ സഞ്ജുവിന് കാത്തിരിക്കേണ്ടി വന്നു. ഇപ്പോള്‍ 28 വയസാണ് സഞ്ജുവിനുള്ളത്. 13 ഏകദിനത്തില്‍ നിന്ന് 390 റണ്‍സും 24 ടി20യില്‍ നിന്ന് 374 റണ്‍സുമാണ് സഞ്ജു നേടിയത്. എല്ലാ ഫോര്‍മാറ്റിലുമായി 50 മത്സരം പോലും കളിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. അത്രത്തോളം താരം തഴയപ്പെടുന്നുണ്ട്. ടി20യിലെ സഞ്ജുവിന്റെ പ്രകടനം മോശമാണ്.
അതുകൊണ്ടുതന്നെ ടീമില്‍ നിന്ന് തഴയപ്പെടുന്നതിനെ തെറ്റുപറയാനാവില്ല. പക്ഷെ ഏകദിനത്തില്‍ 55ന് മുകളിലാണ് സഞ്ജുവിന്റെ ശരാശരി. എന്നിട്ടും ആവശ്യത്തിന് അവസരം ലഭിക്കുന്നില്ലെന്നത് തീര്‍ത്തും നിരാശപ്പെടുത്തുന്ന കാര്യമാണ്. ലോകകപ്പില്‍ നിന്ന് സഞ്ജുവിനെ തഴയാന്‍ പദ്ധതിയുണ്ടായിരുന്നെങ്കില്‍ ഏഷ്യന്‍ ഗെയിംസിലെങ്കിലും അവസരം നല്‍കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
ഒൻപത് വര്‍ഷത്തോളമായി സഞ്ജു ദേശീയ ടീമിന്റെ ഭാഗമായുണ്ടായിട്ടും ആവശ്യത്തിന് അവസരമില്ലെന്നതാണ് വസ്തുത.
സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന്, റിഷഭ് പന്ത് എന്നിവര്‍ക്കെല്ലാം ലഭിച്ചതിന്റെ നാലിലൊന്ന് പിന്തുണ പോലും സഞ്ജുവിന് ലഭിച്ചിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ റിഷഭ് പന്തും തിരിച്ചെത്തും. ഇതോടെ സഞ്ജുവിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷകള്‍ക്കും അവസാനമാവും. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ് നായകനാണ് സഞ്ജു.
ഐപിഎല്ലില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുള്ള സഞ്ജുവിന് ഇതേ മികവ് ദേശീയ ടീമിനായി കാഴ്ചവെക്കാനായിട്ടില്ല. എന്നാല്‍ സഞ്ജു ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജു ടീമില്‍ ഉണ്ടാകുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.