അഹമ്മദാബാദ് : ലോകകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റാണിത്.ഇന്ത്യയിലെ പത്ത് സ്റ്റേഡിയങ്ങളിലാണ് മത്സരം. ലോകകപ്പ് ക്രിക്കറ്റ് നേരിട്ട് കാണാന്‍ സ്റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ കൈയില്‍ കുപ്പി വെള്ളം കരുതേണ്ടതില്ല. പത്ത് വേദികളിലും കാണികള്‍ക്ക് സൗജന്യമായി കുടി വെള്ളം നല്‍കുമെന്നു ബിസിസിഐ വ്യക്തമാക്കി.
‘സ്റ്റേഡിയങ്ങളില്‍ കാണികള്‍ക്ക് സൗജന്യമായി കുടിവെള്ളം നല്‍കുമെന്നു അഭിമാനത്തോടെ പറയട്ടെ. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തി എല്ലാവരും ഗെയിം ആസ്വദിക്കു. 2023ലെ ലോകകപ്പ് നമുക്ക് മറക്കാന്‍ പറ്റാത്ത ഓര്‍മകളുടേത് ആക്കാം’- ബിസിസിഐ സെക്രട്ടറി ജയ്ഷാ ട്വീറ്റ് ചെയ്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം, ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയം, ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയം, ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം, ധരംശാല സ്‌റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയം, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയം, ലഖ്‌നൗ ഏക്‌നാ സ്‌റ്റേഡിയം, മുംബൈ വാംഖഡെ സ്‌റ്റേഡിയം, പുനെയിലെ എംസിഎ സ്റ്റേഡിയം എന്നിവയാണ് ലോകകപ്പിന്റെ പത്ത് വേദികള്‍.