യൂറോ യോഗ്യത മത്സരത്തില്‍ സ്ലൊവാക്യയെ തകര്‍ത്ത് പോര്‍ച്ചുഗല്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പറങ്കിപ്പടയുടെ വിജയം. ഇതോടെ 2024 യൂറോകപ്പിന് പോര്‍ച്ചുഗല്‍ യോഗ്യത ഉറപ്പാക്കി. ഏഴ് മത്സരങ്ങളും വിജയിച്ച പോര്‍ച്ചുഗല്‍ 21 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതായാണ് യൂറോകപ്പിന് യോഗ്യത നേടിയത്.
സീസണില്‍ മിന്നും ഫോമിലുള്ള റൊണാള്‍ഡോ സ്ലൊവാക്യക്കെതിരായ മത്സരത്തിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 18-ാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസിലൂടെ പോര്‍ച്ചുഗല്‍ ആദ്യ ലീഡെടുത്തു. 29-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി പോര്‍ച്ചുഗലിന് അനുകൂലമായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ സ്ലൊവാക്യ തിരിച്ചടിച്ചു. 69-ാം മിനിറ്റില്‍ ഡേവിഡ് ഹാങ്കോയിലൂടെയായിരുന്നു സ്ലൊവാക്യ ഒരു ഗോള്‍ മടക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ലൊവാക്യ നേടിയ ഗോള്‍ പോര്‍ച്ചുഗലിനെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് മുന്‍പേ റൊണാള്‍ഡോ രക്ഷകനായി അവതരിച്ചു. 72-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോ തന്റെ രണ്ടാം ഗോള്‍ നേടിയത്. തന്റെ അന്താരാഷ്ട്ര കരിയറിലെ 125-ാം ഗോളായിരുന്നു റൊണാള്‍ഡോ സ്ലൊവാക്യക്കെതിരെ നേടിയത്. 80-ാം മിനിറ്റില്‍ സ്റ്റാനിസ്‌ലാവ് ലൊബോട്കയിലൂടെ സ്ലൊവാക്യ ഒരു ഗോളടിച്ചെങ്കിലും പരാജയം ഒഴിവാക്കാനായില്ല.