ചങ്ങനാശ്ശേരി : കുറിച്ചി പഞ്ചായത്തിലും വിനോദ സഞ്ചാര മേഖലക്ക് സാദ്ധ്യത ഒരുക്കി അഞ്ചലശ്ശേരിയിൽ നിന്നും കുമരകം പാതിരാമണൽ കാണാൻ ശിക്കാര ബോട്ട് സർവ്വീസ് ഒരുങ്ങുന്നു.
യുവ സംരംഭകരായ നന്ദകിഷോറും , നന്ദകുമാറും ആണ് പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന സർക്കാർ ഉത്തരവാദിത്ത ടൂറിസം മിഷനുമായി കൈകോർത്ത് എല്ലാ പഞ്ചായത്തിലും ഏതെങ്കിലും ഒരു പ്രദേശം വിനോദ സഞ്ചാര കേന്ദ്രമാക്കി പരുവപ്പെടുത്തുവാൻ ആവശ്യപ്പെട്ടിരുന്നു. കുറിച്ചി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന ഏറ്റവും മനോഹരമായ പ്രദേശമാണ് അഞ്ചലശേരി. അഞ്ചലശ്ശേരിയിൽ പൂത്തു നിൽക്കുന്ന ആമ്പൽ വസന്തം കാണുവാൻ നിരവധി ആളുകൾ എത്തുന്നുണ്ട്.
പ്രദേശത്തെ വിനോദ സഞ്ചാര സാദ്ധ്യത മനസ്സിലാക്കി കുറിച്ചി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ചലശ്ശേരി ടൂറിസം ഡെസ്റ്റിനേഷനായി തെരെഞ്ഞെടുത്തിരുന്നു.
സ്വകാര്യ സംരംഭകരെ കണ്ടെത്തി ഇപ്പോൾ അഞ്ചലശ്ശേരിയിൽ നിന്നും ആരംഭിച്ച് ആറായിരം കായൽ, വിളക്കുമരം, ആർ ബ്ലോക്ക്, കുമരകം പാതിരാമണൽ ഭാഗത്തേക്ക് ഉല്ലാസ യാത്രാസൗകര്യം ഒരുക്കുകയാണ്. കൊല്ലം മൺറോതുരുത്തിൽ നിന്നും ശിക്കാര ബോട്ട് എത്തിച്ചിട്ടുണ്ട്. യാത്രികർക്കായി കുട്ടനാടൻ വിഭവങ്ങൾ ഒരുക്കാൻ ഫുഡ് കോർണറും ഒരുങ്ങിക്കഴിഞ്ഞു. കുടുംബശ്രീ സംരംഭകരുടെ ഉത്പ്പന്നങ്ങളുടെ വിപണനത്തിനും സാധ്യത തേടുന്നുണ്ട്. ഒക്ടോബർ 19 ന് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹു. എം എൽ എ അഡ്വ. ജോബ് മൈക്കിൾ നിർവ്വഹിക്കും.
ഉത്തരവാദിത്ത ടൂറിസം മിഷൻ സ്റ്റേറ്റ് കോ. ഓർഡിനേറ്റർ കെ രൂപേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തും. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് കുട്ടനാടൻ ഫുഡ് കോർണറിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പദ്ധതിക്ക് മുഴുവൻ സഹായങ്ങളുമായി മെമ്പർ പൊന്നമ്മ സത്യനും നന്ദകിഷോറിനും അനുജൻ നന്ദകുമാറിനും ഒപ്പമുണ്ട്.
ബോട്ട് സർവ്വീസിനും അന്വേഷണങ്ങൾക്കുമായി ബന്ധപ്പെടണ്ട നമ്പർ : 70227 01105
8921296978