തിരുവനന്തപുരം: പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ കുട്ടിക്ക് നമ്പി നാരായണന് നല്‍കിയത് പോലെ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ച ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഡിജിപിയുടെ റിപ്പോര്‍ട്ട് ആരെ സംരക്ഷിക്കാനാണെന്നും ഹൈക്കോടതി ചോദ്യമുയര്‍ത്തി. സ്ഥലംമാറ്റം ശിക്ഷാ നടപടി അല്ലെന്നും നീതി കിട്ടി എന്ന് കുട്ടിക്ക് തോന്നണമെന്നും കോടതി വ്യക്തമാക്കി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ വൈകിവന്ന മാപ്പ് അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, കുട്ടി അനുഭവിച്ച മാനസിക പീഡനം ഇതിനെല്ലാം മുകളിലായിരുന്നുവെന്ന് അഭിഭാഷകന് മറുപടി നല്കി.
പൊലീസ് ക്ലബില്‍ ഇരുന്നാണോ അന്വേഷണം നടത്തുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കാന്‍ എന്താണ് തിടുക്കമെന്നും ഹൈക്കോടതി ചോദിച്ചു. ഉദ്യോഗസ്ഥയ്ക്ക് അബദ്ധം പറ്റിയതാവാം, പക്ഷേ മറുപടി പറയേണ്ട ബാധ്യത അവര്‍ക്കുണ്ട്. അച്ചടക്ക നടപടി എടുക്കാന്‍ എന്തിനാണ് മടിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. ഇതോടെ പിങ്ക് പൊലീസ് പരസ്യ വിചാരണ കേസില്‍ സര്‍ക്കാരും പൊലീസ് സേനയും കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ഓഗസ്റ്റ് 27നാണ് പരസ്യവിചാരണ നടന്നത്. തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയുമാണ് പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോട്ടില്‍ അപമാനിച്ചത്. മോഷണം പോയെന്ന് പറഞ്ഞ ഫോണ്‍ ഉദ്യോഗസ്ഥയുടെ ബാഗില്‍ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. എന്നിട്ടും നാട്ടുകാരുടെ മുന്നില്‍ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ഗുരുതരമായ തെറ്റു ചെയ്തെന്ന് വ്യക്തമായെങ്കിലും പൊലീസ് ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റി നടപടികള്‍ അവസാനിപ്പിച്ചു. സംഭവത്തില്‍ ബാലാവകാശകമ്മീഷന് നേരത്തേ ഇടപെട്ടിരുന്നു.പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ് സി എസ് ടി കമ്മീഷനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.