ധര്‍മ്മശാല : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ചത് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ പ്രകടനമാണ്. 274 റണ്‍സ് പിന്തുടരുന്നതിനിടെ 12-ാം ഓവറില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ നഷ്‌ടമായപ്പോഴാണ് വിരാട് കോലി ക്രീസിലേക്ക് എത്തിയത്. തുടര്‍ന്ന് കളിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നിലേക്ക് നയിക്കാന്‍ കോലിക്ക് സാധിച്ചു.
104 പന്ത് നേരിട്ട് 95 റണ്‍സുമായി കോലി മടങ്ങുമ്പോഴേക്കും ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. കോലി 90 കടന്നതോടെ ആരാധകര്‍ ഒന്നടങ്കം കാത്തിരുന്നത് സെഞ്ച്വറിക്ക് വേണ്ടിയായിരുന്നു. ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറികളെന്നസച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പം എത്താന്‍ കോലിക്ക് സാധിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍, മാറ്റ് ഹെൻറിയുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കി താരത്തിന് മടങ്ങേണ്ടി വരികയായിരുന്നു. ചരിത്ര സെഞ്ച്വറി അഞ്ച് റണ്‍സ് അകലെ നഷ്‌ടപ്പെട്ടെങ്കിലും മറ്റൊരു നേട്ടം ഈ മത്സരത്തിലൂടെ സ്വന്തമാക്കാന്‍ വിരാട് കോലിക്കായി. അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കാണ് കിവീസിനെതിരായ മിന്നും പ്രകടനത്തോടെ കോലി എത്തിയിരിക്കുന്നത്.ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയെ മറികടന്നാണ് റെക്കോഡ് പട്ടികയില്‍ വിരാട് കോലി നാലാം സ്ഥാനം സ്വന്തമാക്കിയത്. 286 മത്സരങ്ങളിലെ 274 ഇന്നിങ്‌സുകളില്‍ നിന്നും 58.16 ശരാശരിയില്‍ 13,437 റണ്‍സാണ് ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയുടെ സമ്പാദ്യം. 445 മത്സരങ്ങളില്‍ നിന്നും 13,430 റണ്‍സ് ആയിരുന്നു സനത് ജയസൂര്യ നേടിയിരുന്നത്.
ഇനി ഏകദിന ക്രിക്കറ്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ വിരാട് കോലിക്ക് മുന്നിലുള്ളത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിങ് എന്നിവരാണ്. 463 മത്സരങ്ങളില്‍ നിന്നും 18,426 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയിലെ ഒന്നാമന്‍. 44.83ശരാശരിയിലാണ് സച്ചിന്‍ ഇത്രയും റണ്‍സ് സ്കോര്‍ ചെയ്‌തത്.
പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്‍ ശ്രീലങ്കന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുമാര്‍ സംഗക്കാരയാണ്. 404 മത്സരങ്ങളിലെ 380 ഇന്നിങ്‌സില്‍ നിന്നും 14,234 റണ്‍സ് അടിച്ച് കൂട്ടിയാണ് താരം കളി മതിയാക്കിയത്. കോലിക്ക് തൊട്ടുമുന്നിലായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങിന്‍റെ അക്കൗണ്ടില്‍ 13,704 റണ്‍സാണുള്ളത്. 375 ഏകദിന മത്സരങ്ങളായിരുന്നു പോണ്ടിങ് കളിച്ചിട്ടുണ്ടായിരുന്നത്.