50 വര്‍ഷം പ്രവര്‍ത്തിച്ച തന്നെ കറിവേപ്പില പോലെ ഒഴിവാക്കി; സിപിഎം ബന്ധം ഉപേക്ഷിച്ച് പി.എന്‍ ബാലകൃഷ്ണന്‍

എറണാകുളം: സിപിഎമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായി പിഎന്‍ ബാലകൃഷ്ണന്‍. എറണാകുളം ജില്ലാകമ്മിറ്റിയില്‍ തന്നെ ഒഴിവാക്കിയത് ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന് തന്നോടുള്ള വ്യക്തി വൈരാഗ്യം കാരണമാണെന്നും പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മുമായുള്ള എല്ലാ ബന്ധവും അവസാനിക്കുകയാണെന്നും അന്‍പത് വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച തന്നെ കറിവേപ്പില പോല വലിച്ചെറിഞ്ഞെന്നും പിഎന്‍ ബാലകൃഷ്ണന്‍ പ്രതികരിച്ചു. സി.എന്‍ മോഹനന്റെ വീഴ്ചകള്‍ ജില്ലാ കമ്മിറ്റിയില്‍ ചൂണ്ടിക്കാട്ടിയതാണ് തന്നോട് വൈരാഗ്യമുണ്ടാകാന്‍ കാരണം. അംഗത്വം ഉപേക്ഷിച്ചാലും അനുഭാവിയായി തുടരും- അദ്ദേഹം പറഞ്ഞു.

Advertisements

പുതിയ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പ്രതിഷേധമറിയിച്ച് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. അതേസമയം, എറണാകുളം സിപിഎം ജില്ലാ കമ്മിറ്റി സെക്രട്ടറിയായി സി.എന്‍ മോഹനന്‍ തുടരും. 46 അംഗ കമ്മിറ്റിയില്‍ 13 പുതുമുഖങ്ങളും 6വനിതകളും ഇടംപിടിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. പൊതുസമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കളായ എം എം ലോറന്‍സ്, രവീന്ദ്രനാഥ്, സരോജിനി ബാലാനന്ദന്‍, കെ എം സുധാകരന്‍ എന്നിവരെ ആദരിക്കും. തുടര്‍ന്ന് നാലുമണി മുതല്‍ വിവിധ കലാ രൂപങ്ങള്‍ അവതരിപ്പിക്കുകയും തെരുവ് നാടക മല്‍സര വിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തുകയും ചെയ്യും.

Hot Topics

Related Articles