മുംബൈ : ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് പേസര്‍ മുഹമ്മദ് ഷമിയ്ക്കുള്ളത്. ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളിലും പുറത്തിരുന്ന താരത്തിന് ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ടീമില്‍ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായി കൂടിയാണ് ന്യൂസിലന്‍ഡിനെതിരെ അവസരം ലഭിച്ചത്. മത്സരത്തില്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താന്‍ മുഹമ്മദ് ഷമിയ്ക്ക് കഴിഞ്ഞിരുന്നു.
തുടര്‍ന്ന് നാല് കിവീസ് ബാറ്റര്‍മാരെക്കൂടി താരം തിരിച്ചയച്ചു. മത്സരത്തില്‍ 10 ഓവറില്‍ 54 റണ്‍സിന് അഞ്ച് വിക്കറ്റുകളാണ് 33-കാരന് വീഴ്ത്തിയത് ന്യൂസിലൻഡിനെതിരായ പ്രകടനത്തിന് ശേഷം മുഹമ്മദ് ഷമിയെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നിന്നും പുറത്താക്കുന്നത് ഏറെ പ്രയാസകരമായ കാര്യമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്ഥാന്റെ ഇതിഹാസ താരം വസീം അക്രം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹാര്‍ദിക് പാണ്ഡ്യ ഇല്ലാതെ തന്നെ ന്യൂസിലന്‍ഡിനെതിരെ കളിച്ച ഇന്ത്യന്‍ ടീം മികച്ചതായിരുന്നുവെന്നും അക്രം പറഞ്ഞു. “ഹാര്‍ദിക് പാണ്ഡ്യയില്ലെങ്കിലും ഇന്ത്യന്‍ ടീം ഏറെ മികച്ചതായി കാണപ്പെടുന്നു. ഫിറ്റ്നസ് വീണ്ടെടുത്ത് ഹാര്‍ദിക് തിരിച്ചെത്തിയാലും, ഇപ്പോള്‍ ഷമിയെ പുറത്തിരുത്തുന്നത് പ്രയാസകരമായ തീരുമാനമാണ്. ഇംഗ്ലണ്ടിനെതിരെ ഹാര്‍ദിക്കിനെ കളിപ്പിച്ച് ഇന്ത്യ റിസ്കെടുക്കാന്‍ തയ്യാറാകുമെന്ന് എനിക്ക് തോന്നുന്നില്ല. പരിക്കിന്റെ സ്വഭാവം നോക്കുമ്പോള്‍, അതു പൂര്‍ണ്ണമായി മാറിയില്ലെങ്കില്‍ തുടക്കത്തില്‍ സുഖം തോന്നുമെങ്കിലും മത്സരത്തിനിടെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും. അതിനാല്‍ അവൻ 100 ശതമാനം സുഖം പ്രാപിക്കട്ടെ, അതിന് ശേഷമാവാം അവനെ കളിപ്പിക്കുന്നത്”, വസീം അക്രം പറഞ്ഞു.
ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഹാര്‍ദിക്കിന്റെ ഇടതു കണങ്കാലിനായിരുന്നു പരിക്കറ്റത്. ബോള്‍ ചെയ്തതിന് ശേഷം ബംഗ്ലാദേശ് ബാറ്റര്‍ പായിച്ച ഷോട്ട് കാലുകൊണ്ട് തടുത്തതാണ് പരിക്കിന് വഴിവച്ചത്. താരം ഇംഗ്ലണ്ടിനെതിരായ മത്സരത്തിനായി ടീമിനൊപ്പം ചേരുമെന്നാണ് വിവരം.