ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോരാട്ടം കനക്കുമ്പോൾ തോൽവിയറിയാതെ കുതിക്കുന്ന ടോട്ടനം ഒന്നാം സ്ഥാനത്ത്. രണ്ട് തോൽവിയോടെ രണ്ട് പോയിന്റ് പിന്നിലേയ്ക്കിറങ്ങിയ സിറ്റി തൊട്ടു പിന്നിൽ തന്നെയുണ്ട്. ഒൻപത് മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇഞ്ചോടിഞ്ചായി പോരാട്ടം ശക്തമാകുകയാണ്. ഒൻപത് കളികൾ പൂർത്തിയാകുമ്പോൾ ഏഴു വിജയവും രണ്ട് സമനിലയുമായ 23 പോയിന്റുമായി ടോട്ടനം ഹോസ്പർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്.
ഇത്ര തന്നെ കളിയിൽ നിന്നും തുടർച്ചയായി രണ്ട് തോൽവി ഏറ്റുവാങ്ങേണ്ടി വന്ന നിലവിലെ ചാമ്പ്യന്മാരായ സിറ്റി, 21 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇത് വരെ തോൽവി അറിഞ്ഞിട്ടില്ലെങ്കിലും ആറു വിജയവും മൂന്ന് സമനിലയുമുള്ള ആഴ്സണലിനും 21 പോയന്റാണ് ഉള്ളത്. എന്നാൽ, സിറ്റി 19 ഗോൾ അടിച്ച് ഏഴെണ്ണം വാങ്ങി 12 ഗോൾ ഡിഫറൻസുമായി രണ്ടാം സ്ഥാനം ഉറപ്പിച്ചപ്പോൾ, 18 ഗോളടിച്ച് എട്ടെണ്ണം വാങ്ങിയ ആഴ്സണൽ പത്ത് ഗോൾ ഡിഫറൻസുമായാണ് മൂന്നാം സ്ഥാനത്ത് തുടരുന്നത്. ഒൻപത് മത്സരങ്ങളിൽ നിന്നും ആറു വിജയവും രണ്ട് സമനിലയും നേടിയ ലിവർപൂൾ 20 പോയിന്റുമായി നാലാം സ്ഥാനത്ത് ഉണ്ട്. ഒൻപത് മത്സരങ്ങളിൽ നിന്നും 15 പോയിന്റ് മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഷ്ടകാലം ഈ സീസണിൽ തുടരുകയാണ്. എട്ടാം സ്ഥാനത്ത് മാത്രമാണ് യുണൈറ്റഡ് ഇപ്പോഴുള്ളത്. റഷ്യൻ കോടീശ്വരന്റെ ടീമായ ചെൽസി 12 പോയിന്റുമായി പത്താം സ്ഥാനത്താണ്.