വൈക്കം : വൈക്കത്ത് ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. പക്ഷിപനി ബാധിത പ്രദേശത്ത് താറാവിനെ കൊന്നു കത്തിക്കുന്ന സ്ഥലത്താണ് ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. സംഘങ്ങൾ തമ്മിൽ നടത്തിയ കല്ലേറിൽ ഫയർമാനു പരിക്കേറ്റു. അഗ്നി രക്ഷാ സേന ജിപ്പിന്റെ ചില്ലു തകരുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 11.30 നായിരുന്നു സംഭവം.
വൈക്കം ഫയർ സ്റ്റേഷനിലെ ഫയർമാൻ ആലപ്പുഴ സ്വദേശി അരുൺരാജിനാണ് കല്ലേറിൽ കാൽമുട്ടിന് പരിക്കേറ്റത്. ഇയാളെ വൈക്കം താലുക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. വെച്ചൂർ മുച്ചൂർ കാവിനു സമീപം കട്ടമടയിൽ പക്ഷി പനി ബാധിത പ്രദേശത്ത് രാത്രി താറാവുകളെ കൊന്ന് സംസ്കരിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരുന്ന വെച്ചൂർ അച്ചിനകം സ്വദേശി അനന്തുഷാജിയുമായി വെച്ചൂർ സ്വദേശി അഖിൽപ്രസാദും സംഘവും തമ്മിൽ ഉണ്ടായ വാക്കേറ്റമാണ് കല്ലേറിൽ കലാശിച്ചത്. ഫയർ ഫോഴ്സിന്റെ പരാതിയെ തുടർന്ന് വൈക്കം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.