അഹമ്മദാബാദ് : ഐസിസി 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക പോരാട്ടങ്ങള്‍ ഇന്ന്. സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഓസ്ട്രേലിയ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ ഇംഗ്ലണ്ട് ടീമുകള്‍ ഇന്ന് ഇറങ്ങും രാവിലെ ന്യൂസിലന്‍ഡ് , പാക്കിസ്ഥാന് മത്സരവും ഉച്ചകഴിഞ്ഞ് ഓസ്ട്രേലിയ , ഇംഗ്ലണ്ട് മത്സരവും നടക്കും.
വിജയം തുടരാന്‍ പാക്കിസ്ഥാനും പരാജയത്തുടര്‍ച്ച അവസാനിപ്പിക്കാന്‍ കിവീസും ഇറങ്ങുകയാണ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇരുടീമും ആദ്യമായാണ് മുഖാമുഖം വരുന്നത്. ന്യൂസിലന്‍ഡ് ജയിച്ചാല്‍ സെമിയിലേക്കുള്ള ദൂരം കുറയ്ക്കാം. പാക്കിസ്ഥാന് ജയിച്ചാല്‍ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താം. തുടര്‍ച്ചയായ നാലു ജയവുമായി ലോകകപ്പ് പോരാട്ടം തുടങ്ങിയ ന്യൂസിലന്‍ഡ് പെട്ടെന്നാണ് തുടര്‍ തോല്‍വിയിലേക്കു പതിച്ചത്. തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ കിവീസിന് സെമി പ്രവേശനത്തിനായി കാത്തിരിക്കേണ്ട അവസ്ഥയിലെത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാക്കിസ്ഥാനാണെങ്കില്‍ തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കുശേഷം കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി വിജയവഴിയില്‍ തിരിച്ചെത്തി. ഇന്നലെ അഫ്ഗാനിസ്ഥാന്റെ ജയം പാക്കിസ്ഥാനെ അഞ്ചാം സ്ഥാനത്തേക്കു തള്ളിവിട്ടു. പാക്കിസ്ഥാന് ഇന്ന് മികച്ച റണ്‍റേറ്റില്‍ ജയിക്കാനായാല്‍ ആദ്യ നാലിലെത്താനുള്ള വഴിയൊരുങ്ങും. അതിന് 84 റണ്‍സ് മാര്‍ജിനില്‍ ജയിക്കുകയോ അല്ലെങ്കില്‍ 15 ഓവര്‍ ബാക്കിയിരിക്കേ വേണ്ട സ്കോര്‍ മറികടക്കുകയോ വേണം. നിലവില്‍ -0.024 ആണ് പാക്കിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ്.
ക്രിക്കറ്റിലെ ഏറ്റവും പഴക്കമേറിയ വൈരി പോരാട്ടമാണ് ഇന്ന് അഹമ്മദാബാദില്‍ അരങ്ങേറുക. ആറു കളിയില്‍ ഒരു ജയം മാത്രമായി പത്താം സ്ഥാനത്തുള്ള ഇംഗ്ലണ്ടും നാലു ജയവുമായി എട്ടു പോയിന്റോടെ മൂന്നാം സ്ഥാനത്തുള്ള ഓസീസുമാണ് മാറ്റുരയ്ക്കുന്നത്.
ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ 0.4 ശതമാനം മാത്രമാണ്. തുടര്‍ച്ചയായി നാലുകളിയില്‍ ജയിച്ച ഓസ്ട്രേലിയയ്ക്കാണെങ്കില് ഇന്നു ജയിച്ചാല്‍ സെമി സാധ്യതകള്‍ കൂടുതല്‍ സജീവമാക്കാം. ഓസീസിന് അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയുമാണ് ഇനി നേരിടാനുള്ളത്.
നെതര്‍ലന്‍ഡ്സും പാക്കിസ്ഥാനുമാണ് ഇംഗ്ലീഷ് ടീമിന്റെ അടുത്ത എതിരാളികള്‍. സെമിയില്‍ പ്രവേശിക്കാനായില്ലെങ്കിലും 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടണമെങ്കില്‍ ഇംഗ്ലണ്ടിന് ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചേ പറ്റൂ. അതുകൊണ്ടുതന്നെ വിജയത്തില്‍ക്കുറഞ്ഞതൊന്നും ഇംഗ്ലണ്ടിന് ചിന്തിക്കാനാവില്ല.