കോട്ടയത്ത് നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍
കോട്ടയം: നഗരമധ്യത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. 500 രൂപ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടെത്തിയ അക്രമിസംഘം ഓട്ടോ ഡ്രൈവറെ കമ്പി വടിക്ക് തലയ്ക്ക് അടിച്ചുവീഴ്ത്തി. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ രാജുവിനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശനിയാഴ്ച രാത്രി 7മണിയോടെ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലായിരുന്നു സംഭവങ്ങള്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷംനാസ്, ഈ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്നു. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതോടെ ഇയാളെ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നതില്‍ നിന്നും യൂണിയനുകള്‍ വിലക്കിയിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ കുറച്ച് നാളുകളായി ഇവിടെ ഓട്ടോറിക്ഷ ഓടിക്കാന്‍ എത്തിയിരുന്നില്ല.
ഇതിനിടെ ശനിയാഴ്ച വൈകുന്നേരത്തോടെ സ്റ്റാന്‍ഡിലെത്തിയ ഷംനാസ് രാജുവിനോട് 500 രൂപ ആവശ്യപ്പെടുകയായിരുന്നു. ഗുണ്ടാപ്പിരിവ് എന്ന രീതിയില്‍ പണം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണിപ്പെടുത്തിയത്. എന്നാല്‍ രാജു പണം നല്കാന് തയ്യാറായില്ല. ഇതോടെ ഷംനാസും ഓപ്പമുണ്ടായിരുന്ന ഗുണ്ടകളും ചേര്‍ന്ന് രാജുവിന്റെ തലക്ക് അടിക്കുകയായിരുന്നു. കമ്പി വടി ഉപയോഗിച്ചുള്ള ആദ്യത്തെ അടിയെ ചെറുത്തതോടെ രാജുവിന്റെ കൈക്ക് പരിക്കേറ്റു. ഇതോടെ അക്രമി സംഘം രാജുവിനെ വീണ്ടും ആക്രമിച്ചു. ഓടിക്കൂടിയ ഓട്ടോഡ്രൈവര്‍ ചേര്‍ന്നാണ് രാജുവിനെ രക്ഷപ്പെടുത്തിയത്. ഇയാളെ പിന്നീട് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോഡ്രൈവര്‍മാര്‍ പൊലീസില്‍ പരാതി നല്കി.