കേരളത്തില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍; സംസ്ഥാനത്ത് ആകെ കേസുകള്‍ പതിനൊന്ന്; അതീവ ജാഗ്രതയില്‍ സംസ്ഥാനം

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കും മലപ്പുറത്തും തൃശൂരിലും ഒന്ന് വീതം പേര്‍ക്കുമാണ് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ 11 ആയി.ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ നിന്നെത്തിയ 44കാരനും യു കെയില്‍ നിന്നെത്തിയ 17കാരനുമാണ് തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കെനിയയില്‍ നിന്നാണ് തൃശൂരിലെയാള്‍ എത്തിയത്. ടാന്‍സാനിയയില്‍ നിന്ന് ഒമാന്‍ വഴിയെത്തിയ മംഗലാപുരം സ്വദേശിക്കാണ് മലപ്പുറത്ത് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

Advertisements

മംഗലാപുരം സ്വദേശിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയയുടന്‍ ആര്‍ ടി പി സി ആര്‍ ചെയ്യുകയും കൊവിഡ് ബാധ കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് മഞ്ചേരി മെഡി. കോളജിലേക്ക് മാറ്റി. ഈ മാസം 14നാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. യാത്രാ രേഖകള്‍ പരിശോധിച്ചപ്പോള്‍ രണ്ടാഴ്ച മുന്‍പ് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയ സന്ദര്‍ശിച്ചതായി കണ്ടെത്തുകയും സാംപിള്‍ പരിശോധനക്ക് അയക്കുകയുമായിരുന്നു. ഈ വിമാനത്തില്‍ യാത്ര ചെയ്തവരോട് ജാഗ്രത പാലിക്കാനും സ്വയം നിരീക്ഷണത്തില്‍ കഴിയാനും അധികൃതര്‍ അറിയിച്ചു.

Hot Topics

Related Articles