കോട്ടയം: സ്ത്രീധന വിരുദ്ധ കാമ്പയിനുകളിൽ എല്ലാവരും അണിചേരണമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനുമെതിരേ കുടുംബശ്രീ സംഘടിപ്പിക്കുന്ന 12 ആഴ്ച നീളുന്ന സ്ത്രീപക്ഷ നവകേരളം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീധനമെന്ന ദുരാചാരത്തെ സമൂഹത്തിൽനിന്ന് നിർമ്മാർജ്ജനം ചെയ്യാനും എല്ലാവരേയും മനുഷ്യരായി കണക്കാക്കാക്കി സ്ത്രീസമത്വം ഉറപ്പാക്കാനും കുടുംബശ്രീയുടെ സ്ത്രീപക്ഷ നവകേരളം ക്യാമ്പയിനു സാധിക്കണം. ഉത്തര, വിസ്മയ കേസുകൾ ഇനി ആവർത്തിക്കാതിരിക്കാൻ കൃത്യമായി ആസൂത്രണം ചെയ്യുന്ന കാമ്പയിൻ പ്രവർത്തനങ്ങളിൽ ഓരോരുത്തരും അണിചേരണമെന്നും മന്ത്രി പറഞ്ഞു.
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ത്രീധനം, ഗാർഹികപീഡനം, ലഹരി ഉപയോഗം എന്നിവ ഇല്ലായ്മ ചെയ്യുന്നതിനും സ്ത്രീപക്ഷ സാമൂഹിക സാക്ഷരത കൈവരിക്കുന്നതിനുമായാണ് സ്ത്രീപക്ഷ നവകേരളം കാമ്പയിൻ കുടുംബശ്രീ സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും വാർഡുതലത്തിലെ സാമൂഹിക -കലാ-സാംസ്‌കാരിക-രാഷ്ട്രീയപ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് ഓക്സിലറി ഗ്രൂപ്പുകളിലും ജില്ലയിലുടനീളം സ്ത്രീധനവും അതിക്രമവും എന്ന വിഷയത്തിൽ ചർച്ചകൾ സംഘടിപ്പിക്കും. ചർച്ചകളിൽ ഉരുത്തിരിയുന്ന ആശയങ്ങൾ, പരിഹാര മാർഗങ്ങൾ ഗ്രാമപഞ്ചായത്തുതലത്തിൽ ക്രോഡീകരിച്ച് പോസ്റ്റർ കാമ്പയിൻ തയാറാക്കും.
തുടർന്ന് മാർച്ച് എട്ടു വരെ നടത്തുന്ന കാമ്പയിന്റെ ഭാഗമായി ഹാഷ് ടാഗ്-സാമൂഹിക മാധ്യമ ചലഞ്ച്, ചുവർച്ചിത്ര കാമ്പയിൻ, വെബിനാർ, സ്്ത്രീധനത്തെക്കുറിച്ച് അഭിപ്രായ സർവേ, ഇരുചക്രവാഹന റാലി, ബാലസഭ, സ്‌കൂൾ കുട്ടികൾക്കായി പോസ്റ്റർ കാമ്പയിൻ, കാർട്ടൂൺ സീരീസ്, സിഗ്നേച്ചർ കാമ്പയിൻ, ജെൻഡർ വാർത്താ ബോർഡ് സ്ഥാപിക്കൽ, സ്നേഹിത കാമ്പയിൻ എന്നിവ സംഘടിപ്പിക്കും.
ജില്ലാപഞ്ചായത്തംഗം കെ.വി. ബിന്ദു സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിനു മുന്നോടിയായി കുടുംബശ്രീ അംഗങ്ങൾ അണിനിരക്കുന്ന വിളംബരറാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. സ്റ്റെൻസിൽ ഡ്രോയിംഗിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകാരം ലഭിച്ച വാകത്താനം കിലുക്കാംപെട്ടി ബാലസഭയിലെ ഐഡ അന്ന അനീഷിനെ ചടങ്ങിൽ അനുമോദിച്ചു.
കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവും കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റുമായ സൈനമ്മ ഷാജു, ബ്ലോക്ക് പഞ്ചായത്തംഗം ജെസി നൈനാൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി. ഷീന, കെ.ആർ. അജയ്, സി.റ്റി. രാജേഷ്, പഞ്ചായത്തംഗം റൂബി ചാക്കോ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ അരുൺ പ്രഭാകർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി സുനിൽകുമാർ, കുടുംബശ്രീ പ്രോഗ്രാം മാനേജർ ഇ.എസ്. ഉഷാദേവി, സി.ഡി.എസ് ചെയർപേഴ്‌സൺ രജനി മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ നടന്നു.