മുംബൈ: മുംബൈ ഇന്ത്യൻസുമായി വഴിപിരിയാനൊരുങ്ങി നായകൻ രോഹിത് ശര്‍മ. ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാര്‍ദിക് പാണ്ഡ്യയെയും രോഹിത്തിനെയും വച്ചുമാറാനാണു നീക്കം.ഐപിഎല്‍ വിപണി ഞായറാഴ്ചയോടെ അടയ്ക്കും. അതിനു മുന്‍പ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. നിലനിര്‍ത്തിയതും ഒഴിവാക്കിയതുമായ താരങ്ങളുടെ പട്ടിക ഇതിനു മുന്‍പ് ഫ്രാഞ്ചൈസികള്‍ പുറത്തുവിടും.
രോഹിത്തിനെയോ ജോഫ്ര ആര്‍ച്ചറെയോ വിട്ടുനല്‍കിയുള്ള മാറ്റക്കരാറിനാണു ഗുജറാത്തിനു താത്പര്യം. രോഹിത് മുംബൈ വിട്ടാല്‍ ഗുജറാത്തിന്റെ ക്യാപ്റ്റനാകും. ഹാര്‍ദിക് മുംബൈയെയും നയിക്കും. ആര്ച്ചറെയാണു വിട്ടുനല്കുന്നതെങ്കില് അടുത്ത സീസണിലും രോഹിത് മുംബൈ നായകനായി തുടരും. 2025 സീസണോടെ ഹാര്‍ദിക്കിനായി രോഹിത് സ്ഥാനമൊഴിയേണ്ടിവരും. അഞ്ചുവട്ടം ഐപിഎല്‍ കിരീടം സമ്മാനിച്ച നായകനും മുംബൈക്കാരനുമായ രോഹിത്തിനെ ഉപേക്ഷിക്കാൻ മുംബൈ ഇന്ത്യൻസിനു താത്പര്യമില്ല. സ്വന്തം തട്ടകമായ മുംബൈയില്‍ത്തന്നെ ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കാനാണു രോഹിത്തിനും താത്പര്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍, ദേശീയ ട്വന്റി20 ടീമില്‍ ഇനി ഇടംലഭിക്കാൻ സാധ്യതയില്ലെന്ന അഭ്യൂഹങ്ങള്‍ ഭാവിയെക്കുറിച്ച് ചിന്തിപ്പിക്കാൻ രോഹിത്തിനെയും മുംബൈയെ യും നിര്‍ബന്ധിതരാക്കുന്നു. 2022 ട്വന്റി20 ലോകകപ്പിനുശേഷം രോഹിത് ട്വന്റി20 ടീമില്‍ കളിച്ചിട്ടില്ല.