വിശാഖപട്ടണം : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ പാപഭാരമെല്ലാം ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് കഴുകിക്കളഞ്ഞിരിക്കുകയാണ്. ഓസ്ട്രേലിയക്ക് എതിരായ ആദ്യ ട്വന്റി 20യില്‍ മിന്നും ഫിഫ്റ്റിയുമായി കളിയിലെ താരമായാണ് ഫോമിലേക്ക് സൂര്യകുമാര്‍ യാദവിന്റെ മടങ്ങിവരവ്. വിശാഖപട്ടണത്തെ സൂപ്പര്‍ ഇന്നിംഗ്സിനിടെ സ്കൈയെ പ്രശംസ കൊണ്ടുമൂടി ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തി. 360 ശൈലിയില്‍ സിക്സറുകള്‍ പറത്താനുള്ള കഴിവാണ് സൂര്യയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് ചോപ്ര പ്രശംസിച്ചു.
‘ബൗളര്‍മാരെ വേറിട്ട രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന 360 ഡിഗ്രി പ്ലേയറാണ് സൂര്യകുമാര്‍ യാദവ്. സൂര്യക്ക് എതിരെ വ്യത്യസ്തമായ പദ്ധതികള്‍ വേണം. പരിചിതമല്ലാത്ത ഫീല്‍ഡ് പദ്ധതികള്‍ സ്കൈക്കെതിരെ ആവശ്യമാണ്. ടി20 ക്രിക്കറ്റില്‍ ഏറെ സ്വാതന്ത്ര്യത്തോടെയാണ് സൂര്യകുമാര്‍ യാദവ് കളിക്കുന്നത്. പിച്ചിനെ പരമാവധി ഉപയോഗിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നു. തന്റേതായ ശൈലിയിലാണ് ട്വന്റി 20 ക്രിക്കറ്റില്‍ സൂര്യ ബാറ്റ് ചെയ്യുന്നത്. സൂര്യകുമാറിനെതിരെ ബാക്ക്-ഓഫ്-ദി-ഹാന്‍ഡ് സ്ലോ ബൗള്‍ എറിഞ്ഞാല്‍ അദേഹം ആ പന്ത് ഫൈന്ലെഗിലൂടെ സിക്സര്‍ പറത്തും. അതാണ് സൂര്യയുടെ മികവ്’ എന്നും ആകാശ് ചോപ്ര ജിയോ സിനിമയില്‍ പറഞ്ഞു.