ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ ഡെസ്‌ക്
കോട്ടയം: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സംഭവിക്കുന്ന അക്രമ സംഭവങ്ങളെ ഞെട്ടലോടെയും ആശങ്കയോടെയുമാണ് കോട്ടയം ഇപ്പോൾ കാണുന്നത്. മൂന്നു ദിവസത്തിനിടെ രാത്രിയിൽ മൂന്ന് അക്രമ സംഭവങ്ങളാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മാത്രം ഉണ്ടായിരിക്കുന്നത്. രണ്ടു തവണ ഗുണ്ടാ ഓട്ടോഡ്രൈവർമാർ ഓട്ടോ സ്റ്റാൻഡിൽ അക്രമം അഴിച്ചു വിട്ടപ്പോൾ, അർദ്ധരാത്രിയിൽ കുടുംബത്തോടൊപ്പം സ്റ്റാൻഡിലെത്തിയ വീട്ടമ്മയാണ് അക്രമിയുടെ ആക്രമണത്തിന് ഇരയായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശനിയാഴ്ച മുതൽ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് അക്രമ സംഭവങ്ങൾ അരങ്ങേറിയിട്ടും പൊലീസ് പക്ഷേ, കാര്യമായ നടപടിയെടുക്കുന്നില്ല. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ആദ്യം അക്രമ സംഭവങ്ങൾ അരങ്ങേറിയത്. നിരവധി ക്രിമിനൽക്കേസിൽ പ്രതിയും, കാപ്പ ചുമത്തി കരുതൽ തടങ്കലിൽ വച്ചിരുന്ന ആളുമായ ഷംനാസാണ് സ്റ്റാൻഡിൽ അക്രമ പ്രവർത്തനങ്ങൾ അഴിച്ചു വിട്ടത്.
സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ രാജുവിനെ ഷംനാസും സംഘവും ആക്രമിച്ച പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്നു, ഞായറാഴ്ച രാത്രിയിലും സ്റ്റാൻഡിൽ സമാന രീതിയിലുള്ള അക്രമം ഉണ്ടായി. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഇരുട്ട് രതീഷാണ് സ്റ്റാൻഡിൽ അക്രമം അഴിച്ചു വിട്ടത്. സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരെ ആക്രമിച്ച ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇതേ തുടർന്നു ഓട്ടോ ഡ്രൈവർമാർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരിക്കുകയാണ്.
തിങ്കളാഴ്ച അർദ്ധരാത്രിയിലാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വീട്ടമ്മയ്ക്കു നേരെ അക്രമ സംഭവങ്ങൾ ഉണ്ടായത്. വിവാഹചടങ്ങിൽ പങ്കെടുത്ത ശേഷം തൊടുപുഴയിലെ വീട്ടിലേയ്ക്കു പോകാനെത്തിയ വീട്ടമ്മയെ അക്രമി കടന്നു പിടിക്കുകയായിരുന്നു. ഇവരെ ആക്രമിക്കുന്നത് കണ്ട് തടയാൻ ഓടിയെത്തിയ പ്രദേശത്തെ കട ഉമടകൾക്കും ഓട്ടോ ഡ്രൈവർമാർക്കും നേരെ പ്രതി ആക്രമണം അഴിച്ചു വിട്ടു.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മതിയായ പൊലീസ് സാന്നിധ്യമില്ലാത്തതാണ് അക്രമികൾക്കു വളമാകുന്നതെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആരോപണം. നേരത്തെ പൊലീസ് കൺട്രോൾ റൂമിന്റെ ഒരു വാഹനം അടക്കം ബസ് സ്റ്റാൻഡിനു മുന്നിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അക്രമ സംഭവങ്ങൾക്ക് നേരിയ ശമനമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ രാത്രിയിൽ പോലും കാര്യമായ പൊലീസ് സാന്നിധ്യം ബസ് സ്റ്റാൻഡിനു മുന്നിലില്ല. ഇതാണ് അക്രമികൾക്കു വളമാകുന്നതെന്നാണ് ആരോപണം.