കള്ളവോട്ട തടയുക ലക്ഷ്യമെന്ന് കേന്ദ്രം, പൗരന്മാര്‍ അല്ലാത്തവരും വോട്ടവകാശം നേടിയേക്കുമെന്ന് പ്രതിപക്ഷം; വിവാദങ്ങള്‍ക്കിടയില്‍ ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയും ബന്ധിപ്പിക്കാനുള്ള ബില്‍ രാജ്യസഭയും പാസാക്കി; ബില്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ നിയമമായി മാറും

ന്യൂഡല്‍ഹി; ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയും ബന്ധിപ്പിക്കാനുള്ള ബില്‍ രാജ്യസഭയും പാസാക്കി. നേരത്തേ ലോകസഭ പാസാക്കിയ ബില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് രാജ്യസഭയും പാസാക്കിയത്. തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ഭേദഗതി ബില്‍ ഇനി രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ നിയമമായി മാറും.ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ കക്ഷികള്‍ ബില്‍ പാര്‍ലിമെന്ററി പാനലിന് വിടണം എന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ശബ്ദവോട്ടോടുകൂടിയാണ് ലോക്സഭ ബില്‍ പാസാക്കിയത്. തിരിച്ചറിയല്‍ രേഖ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമായിരിക്കില്ലെന്നും എന്നാല്‍ ഇത് കള്ളവോട്ട് തടയാന്‍ സഹായിക്കുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു സഭയെ അറിയിച്ചിരുന്നു. വോട്ടര്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതോടെ, ഇരട്ടവോട്ട് ഇല്ലാതാവും. ഒരാള്‍ക്ക് ഒരിടത്തു മാത്രമേ വോട്ടുചെയ്യാനാവൂ. കള്ളവോട്ട് തടയുക ലക്ഷ്യം. പട്ടികയില്‍ പേരു ചേര്‍ക്കാന്‍ കൂടുതല്‍ അവസരങ്ങള്‍. വര്‍ഷത്തില്‍ നാലുപ്രാവശ്യം പട്ടിക പുതുക്കാം. സൈനികരുടെ ‘ജീവിതപങ്കാളി’ക്ക് നാട്ടില്‍ പേരു രജിസ്റ്റര്‍ ചെയ്യാം. ഇതിനായി ചട്ടത്തില്‍ ‘ഭാര്യ’യുടെ സ്ഥാനത്ത് ‘ജീവിതപങ്കാളി’ എന്നാക്കിതിരഞ്ഞെടുപ്പു നടപടികള്‍ക്കായി ഏതു സ്ഥലവും ഏറ്റെടുക്കാന്‍ കമ്മിഷന് അധികാരം ലഭിക്കും- മന്ത്രി അറിയിച്ചു.

Advertisements

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫീസര്‍ക്കു മുമ്പാകെ ഇനി ആധാര്‍ നമ്പര്‍ കാണിച്ചാല്‍ മതി. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള തിരിച്ചറിയല്‍ രേഖയായും ആധാര്‍ ഉപയോഗിക്കാം.ഒട്ടേറെ ആശങ്കകളുയര്‍ത്തുന്നതും ക്രമക്കേടുകള്‍ക്കു വഴി വെക്കുന്നതുമായ ഭേദഗതി തിടുക്കപ്പെട്ടു നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിര്‍ത്തു. വോട്ടു ചെയ്യാനുള്ളത് നിയമപരമായ അവകാശമാണെന്നും ആധാറും വോട്ടര്‍ തിരിച്ചറിയല്‍ രേഖയും സംയോജിപ്പിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ”താമസത്തിനുള്ള തെളിവാണ് ആധാര്‍. അല്ലാതെ, പൗരത്വരേഖയല്ല. വോട്ടറോട് ആധാര്‍ ചോദിക്കുമ്പോള്‍ താമസത്തിന്റെ രേഖ മാത്രമേ ആവുന്നുള്ളൂ. പൗരന്മാരല്ലാത്തവര്‍ക്ക് വോട്ടവകാശം നല്‍കുകയാണ് ഫലത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത്.”- ഇതായിരുന്നു ബില്ലിനെ എതിര്‍ത്ത് ശശി തരൂരിന്റെ വാദം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് പുട്ടസ്വാമി കേസില്‍ സുപ്രീംകോടതി ഉത്തരവുണ്ടെന്ന് ആര്‍.എസ്.പി.യിലെ എന്‍.കെ. പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിയുടെയും മൗലികാവകാശത്തിന്റെയും ലംഘനമാണ് ഈ ഭേദഗതി. തിടുക്കപ്പെട്ട് ഇങ്ങനെയൊരു ബില്‍ പാസാക്കുന്നതില്‍ സര്‍ക്കാരിനു ദുരുദ്ദേശ്യമുണ്ടെന്നും പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു.തിരഞ്ഞെടുപ്പു പ്രക്രിയയില്‍ ഇടപെടുകയാണ് കേന്ദ്രസര്‍ക്കാരെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് കുറ്റപ്പെടുത്തി. ഡി.എം.കെ., എന്‍.സി.പി., ശിവസേന, ബി.എസ്.പി., വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികളും ബില്ലവതരണത്തെ എതിര്‍ത്തു.എന്നാല്‍, വ്യാജവോട്ടര്‍മാരെയും കള്ളവോട്ടും തടയാനാണ് ഇത്തരമൊരു ബില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വിശദീകരിച്ചു. ബില്ലിനെ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹളത്തിനിടയില്‍ ലോക്സഭ പാസാക്കിയ ബില്‍ ചൊവ്വാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും.

Hot Topics

Related Articles