ലണ്ടൻ : പ്രായം 35 പിന്നിട്ടുവെങ്കിലും ഇന്നും ഫുട്‌ബോള്‍ ലോകത്തെ ടോപ് ബ്രാന്‍ഡ് ആണ് അര്‍ജന്റൈന്‍ നായകനും ഇന്റര്‍ മയാമി താരവുമായ ലയണല്‍ മെസി. ഖത്തര്‍ ലോകകപ്പില്‍ മെസി ഉപയോഗിച്ച ജഴ്‌സികള്‍ ലേലത്തില്‍ വിറ്റുപോയ തുക ഇതിന് തെളിവാണ്. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയായിരുന്നു ജേതാക്കള്‍. ഫൈനലില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ആരാധകരുടെ 36 വര്‍ഷത്തെ കാത്തിരിപ്പിന് മെസിയും സംഘവും വിരാമമിട്ടത്. ഈ ലോകകപ്പില്‍ മെസി ഉപയോഗിച്ച ആറ് ജേഴ്‌സികളാണ് ലേലത്തിന് വച്ചത്.
65 കോടി രൂപയാണ് മെസിയുടെ ജേഴ്‌സികള്‍ക്ക് കിട്ടിയ വില. ലോകകപ്പ് ഫൈനലിന്റെ ആദ്യപകുതിയില്‍ മെസി ഉപയോഗിച്ച ജേഴ്‌സിയും ഇതില്‍ ഉള്‍പ്പെടും. ലോകകപ്പില്‍ സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട്, ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ഫ്രാന്‍സ് എന്നിവര്‍ക്കെതിരെയാണ് അര്‍ജന്റീന കളിച്ചത്. ഈ മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ആറ് ജേഴ്‌സികളാണ് ലേലത്തിന് വച്ചത്. ‘ഈ ജേഴ്സികള്‍ കായിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നിന്റെ വ്യക്തമായ ഓര്‍മപ്പെടുത്തല്‍ മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിന്റെ കരിയറിലെ പരമോന്നത നിമിഷവുമായും ഇതിന് ബന്ധമുണ്ട്’- ജേഴ്സികള്‍ ലേലത്തില്‍വച്ച സോത്ബെയ് ഹൗസ് പ്രതികരിച്ചു. 1998ല്‍ എന്‍.ബി.എ. ഫൈനലിലെ ഉദ്ഘാടന മത്സരത്തില്‍ മൈക്കിള്‍ ജോര്‍ദാന്‍ അണിഞ്ഞ ജേഴ്സിയാണ് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയത്. 10.1 മില്യണ്‍ ഡോളറിനാണ് ഇത് വിറ്റുപോയിരുന്നത്. ഈ റെക്കാഡ് മറികടക്കാന്‍ മെസിയുടെ ജേഴ്‌സികള്‍ക്ക് കഴിഞ്ഞില്ല.