സ്ത്രീയും പുരുഷനും 21 വയസ് വരെ ‘ചൈല്‍ഡ്’; പുതിയ ഭേദഗതിയിലൂടെ മാറ്റം വരുന്നത് ബാലവിവാഹ നിരോധന നിയമത്തിലെ ചൈല്‍ഡ് എന്ന നിര്‍വചനത്തിന്, മേജര്‍- മൈനര്‍ വ്യവസ്ഥയ്ക്ക് മാറ്റമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് വിവാഹത്തിനുളള പ്രായപൂര്‍ത്തി സ്ത്രീക്കും 21 വയസ്സ് എന്ന ബില്‍ പ്രശംസകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഒറ്റനോട്ടത്തില്‍ വളരെ പുരോഗമനപരം എന്ന തോന്നലുണ്ടാക്കുമെങ്കിലും പുതിയ ഭേഗഗതിയില്‍ ഗുണങ്ങളും ദോഷങ്ങളും ധാരാളമുണ്ട്. ബില്ലിലൂടെ കൊണ്ടുവരുന്ന പ്രധാന നിയമഭേദഗതി അനുസരിച്ച് ബാല വിവാഹ നിരോധന നിയമത്തില്‍ ‘ചൈല്‍ഡ്’ എന്നതിനുള്ള നിര്‍വചനമാണ് മാറ്റുന്നത്. എന്നാല്‍, 18 വയസ്സു തികഞ്ഞാല്‍ വ്യക്തി മേജര്‍, അതുവരെ മൈനര്‍ എന്ന് ഇന്ത്യന്‍ മജോരിറ്റി നിയമത്തിലുള്‍പ്പെടെയുള്ള വ്യവസ്ഥയ്ക്ക് മാറ്റമില്ല.

Advertisements

നിലവില്‍ 21 വയസ്സു തികയാത്ത പുരുഷനും 18 തികയാത്ത സ്ത്രീയും ‘ചൈല്‍ഡ്’ ആണ്. പുതിയ ഭേദഗതിയോടെ, പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും 21 വയസ്സുവരെ ‘ചൈല്‍ഡ്’ എന്നാവും നിര്‍വചനം. ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം, പാര്‍സി വിവാഹ-വിവാഹമോചന നിയമം, ഹിന്ദു വിവാഹ നിയമം, പ്രത്യേക വിവാഹ നിയമം, വിദേശിയെ വിവാഹം ചെയ്യുന്നതിനുള്ള നിയമം എന്നിവയില്‍ 18 വയസ്സാണ് സ്ത്രീക്ക് വിവാഹത്തിന് അനുവദനീയമായ കുറഞ്ഞ പ്രായം. മുസ്ലിം വ്യക്തിനിയമപ്രകാരം, പ്രായപൂര്‍ത്തിയും പക്വതയുമായാല്‍ പുരുഷനും, പ്രായപൂര്‍ത്തിയായാല്‍ സ്ത്രീക്കും വിവാഹമാവാം. എങ്കിലും, സ്ത്രീക്ക് 15 വയസ്സ് എന്നതാണ് ഇസ്ലാമിക നിയമം. പുതിയ നിയമഭേദഗതി നടപ്പായാല്‍, വിവാഹത്തിന് സ്ത്രീക്കും പുരുഷനും 21 വയസ്സ് എന്നതാവും രാജ്യത്ത് എല്ലാവര്‍ക്കും ബാധകമാകുന്ന കുറഞ്ഞ പ്രായപരിധി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയമപ്രകാരം നിരോധനമുണ്ടെങ്കിലും ഇപ്പോഴും ബാലവിവാഹങ്ങള്‍ നടക്കുന്നു. അതു തടയാന്‍ നിയമപരിഷ്‌കാരം വേണം, ശാരീരികവും മാനസികവും പ്രത്യുല്‍പാദനപരുമായ ആരോഗ്യം ഉള്‍പ്പെടെയുള്ളവയില്‍ സ്ത്രീകള്‍ക്കു പുരോഗതിയുണ്ടാവണം, ജെന്‍ഡര്‍ തുല്യത ഭരണഘടനയിലൂടെ ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. വിവാഹപ്രായത്തിലെ വേര്‍തിരിവ് അതിനു വിരുദ്ധമാണ്, ഉന്നതവിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, മാനസിക പക്വത ആര്‍ജിക്കല്‍, നൈപുണ്യ വികസനം എന്നിവയില്‍ നിലവിലെ സാഹചര്യങ്ങള്‍ സ്ത്രീകളെ പിന്നാക്കമാക്കുന്നു, സ്ത്രീകള്‍ക്കുള്ള തൊഴിലവസരം വര്‍ധിക്കണം, സ്ത്രീകള്‍ സ്വയം പര്യാപ്തരാകാണം, സ്വയം നിര്‍ണയശേഷിയുണ്ടാവണം, മാതൃശിശു മരണനിരക്ക് കുറയ്ക്കണം, പോഷകാഹാര ലഭ്യതയും സ്ത്രീപുരുഷ അനുപാതവും മെച്ചപ്പെടണം, ഉത്തരവാദിത്തത്തോടെ കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടത് മാതാവിനൊപ്പം പിതാവിന്റെയും ചുമതലയാവണം എന്നിവയാണ് പുതിയ ബില്ലിന്റെ ലക്ഷ്യങ്ങള്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

മവിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സാക്കി ഏകീകരിക്കുന്നതിനൊപ്പം, ഹിന്ദു മൈനോറിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ് നിയമത്തിലും (1956) ശ്രദ്ധേയമായ ഭേദഗതിയാണ് നിര്‍ദേശിച്ചിട്ടുള്ളത്. പ്രധാനമായും സ്വാഭാവിക രക്ഷാകര്‍തൃത്വം സംബന്ധിച്ച വ്യവസ്ഥയിലാണ് മാറ്റങ്ങള്‍.

മൈനര്‍ പെണ്‍കുട്ടി വിവാഹിതയായാല്‍ രക്ഷാകര്‍തൃത്വ അവകാശം ഭര്‍ത്താവിന് എന്ന വ്യവസ്ഥ ഒഴിവാക്കും, ആണ്‍കുട്ടിയുടെയും അവിവാഹിതയായ പെണ്‍കുട്ടിയുടെയും രക്ഷാകര്‍തൃത്വം പിതാവിനും അതിനുശേഷം മാതാവിനും എന്ന വ്യവസ്ഥയിലെ ‘അവിവാഹിത’ എന്ന വാക്ക് ഒഴിവാക്കും, നിയമപ്രകാരമുള്ള വിവാഹബന്ധത്തിലൂടെയല്ലാതെയുള്ള ആണ്‍കൂട്ടിയുടെയും, വിവാഹ ബന്ധത്തിലൂടെയല്ലാതെയുള്ള അവിവാഹിതയായ പെണ്‍കുട്ടിയുടെയും രക്ഷാകര്‍തൃത്വം മാതാവിനും അതിനുശേഷം പിതാവിനും എന്ന വ്യവസ്ഥയിലെയും ‘അവിവാഹിത’ എന്ന വാക്ക് ഒഴിവാക്കും, പിതാവിനുശേഷം, മാതാവിനുശേഷം എന്നിങ്ങനെ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും, ജെന്‍ഡര്‍ തുല്യതയ്ക്കുള്ള ഭരണഘടനാപരമായ അവകാശം പരിഗണിക്കുമ്പോഴും ഇരുവര്‍ക്കും തുല്യ അവകാശമാണുള്ളതെന്ന് ഗീത ഹരിഹരനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള കേസില്‍ (1999) സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ബുദ്ധമതക്കാര്‍ക്കും ജൈനമതക്കാര്‍ക്കുമായുള്ള ദത്തെടുക്കല്‍ വ്യവസ്ഥകളുടേതായ 1956 ലെ ഹിന്ദു ദത്തെടുക്കല്‍-പരിപാലന നിയമത്തിലും ഭേദഗതി വരുത്തുന്നതാണ് ഇന്നലെ അവതരിപ്പിച്ച ബില്‍. ഹിന്ദു ദത്തെടുക്കല്‍ – പരിപാലന നിയമത്തില്‍ പറഞ്ഞിട്ടുള്ളത് മൈനര്‍ അല്ലാത്തവര്‍ക്ക് ദത്തെടുക്കാമെന്നാണ്. ഈ നിയമത്തിലെ നിര്‍വചനമനുസരിച്ച്, 18 വയസ്സ് തികയുംവരെയാണ് മൈനര്‍. ഈ നിര്‍വചനത്തില്‍ മാറ്റം വരുത്തുന്നില്ല. എന്നാല്‍, 21 വയസ്സില്‍ കുറയാതെ പ്രായമുള്ള പുരുഷനും സ്ത്രീക്കും ദത്തെടുക്കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുകയാണ്.പ്രായപൂര്‍ത്തിയാകാതെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് അതിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അത് 20 വയസ്സിനകം നല്‍കാമെന്നാണ് ബാല വിവാഹ നിരോധന നിയമത്തില്‍ ഇപ്പോഴുള്ള വ്യവസ്ഥ. ഇത് 23 വയസ്സാക്കി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും ബില്ലിലുണ്ട്.

Hot Topics

Related Articles