തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എം എല്‍ എ പി ടി തോമസിനെ അനുസ്മരിച്ച് പ്രമുഖര്‍ രംഗത്തെത്തി. ശ്രദ്ധേയനായ പാര്‍ലിമെന്റേറിയനായിരുന്നു പി ടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ശക്തമായ നിലപാടുള്ള, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു പി ടി തോമസെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഒരു കാലത്തെ തലമുറയെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടെയും ‘ മകനായി 1950 ഡിസംബര്‍ 12 ന് ജനിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍നിന്നും 2016 ലും 2021 ലും തൃക്കാക്കരയില്‍നിന്നും ജയിച്ചു. 2009 ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍നിന്നു ജയിച്ച് എംപിയായി. 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ പി.ജെ.ജോസഫിനോട് പരാജയപ്പെട്ടു.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നപ്പോഴും അദ്ദേഹം ഉറച്ചുനിന്നു. കിറ്റെക്‌സ് കമ്പനിയുടെ പ്രവര്‍ത്തനം കടമ്പ്രയാര്‍ മലിനപ്പെടുത്തിയെന്ന തോമസിന്റെ ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ‘എഡിബിയും പ്രത്യയശാസ്ത്രങ്ങളും’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
പൊതുപ്രവര്‍ത്തനത്തില്‍ മാന്യത പുലര്‍ത്തിയ വ്യക്തിയായിരുന്നു പി ടി തോമസെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിശ്വസിക്കുന്ന കാര്യങ്ങളില്‍ അദ്ദേഹം അടിയുറച്ച് നില്‍ക്കുമായിരുന്നെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും പോരാളിയായിരുന്നു പി ടി തോമസെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. നിയമസഭയില്‍ വിഷയങ്ങള്‍ നന്നായി പഠിച്ച് അവതരിപ്പിക്കുന്ന വ്യക്തിയായിരുന്നു പി ടിയെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം നിയമസഭക്ക് വലിയ നഷ്ടമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.