ചെന്നൈ : പ്രഭാസ് നായകനായ ‘സലാര്‍: പാര്‍ട്ട് 1 – സീസ്ഫയര്‍’ ദക്ഷിണേന്ത്യയിലെ പിവിആര്‍ ഐനോക്സും മിറാജ് സിനിമാസും ഉള്‍പ്പെടെയുള്ള മള്‍ട്ടിപ്ലക്സ് ശൃംഖലകളില്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്. ഷാരൂഖ് ഖാന്റെ ‘ഡങ്കി’ക്ക് അമിത അനുകൂല്യം നല്കുന്നതിനാലാണ് ഈ നടപടി എന്നാണ് വാര്‍ത്താ ഏജൻസി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സലാര്‍ കാത്തിരുന്ന ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് പുതിയ വാര്‍ത്ത. ഹോംബാലെ ഫിലിംസ് വക്താവ് പറയുന്നതനുസരിച്ച്, പിവിആര്‍ ഐഎൻഒഎക്സും മിരാജ് സിനിമാസും തങ്ങളുടെ സ്ക്രീനുകളില്‍ സലാറിനും ഷാരൂഖ് ഖാന് പ്രധാന വേഷത്തില്‍ എത്തിയ ഡങ്കിക്കും തുല്യമായ പ്രദര്‍ശനം ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അവര്‍ അത് പാലിച്ചില്ലെന്നാണ് പറയുന്നത്. സലാറിന് ന്യായമായി ലഭിക്കേണ്ട സ്ക്രീനുകള്‍ ലഭിക്കാത്ത അവസ്ഥയില്‍ ഞങ്ങള്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പിവിആര്‍ ഐനോക്സ്, മിറാജ് എന്നിവയില്‍ സലാര്‍ റിലീസ് ചെയ്യുന്നില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഞങ്ങള്‍ അവരുമായി ഇത് ചര്‍ച്ച ചെയ്യുകയാണെന്ന് പ്രൊഡക്ഷൻ ഹൗസിന്റെ വക്താവ് പിടിഐയോട് പ്രസ്താവനയില്‍ പറഞ്ഞു. “അവര്‍ സമ്മതിച്ചതിന് വിരുദ്ധമായ ‘ഡങ്കി’ക്ക് വേണ്ടി മാത്രം എല്ലാ ഷോകളും/സ്ക്രീനുകളും നല്‍കിയിരിക്കുകയാണ്. ചര്‍ച്ച നടന്നപ്പോള്‍ തുല്യമായ ഷോ നല്‍കാമെന്ന് അവര്‍ സമ്മതിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അവര്‍ ചെയ്യുന്നില്ല” വക്താവ് പറഞ്ഞു. #BoycottPVRInox, #BoycottPvrAjayBijli തുടങ്ങിയ ഹാഷ്ടാഗുകള്‍ എക്സില്‍ ട്രെൻഡ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അതേ സമയം ഇതിന് പിന്നാലെ വിശദീകരണവുമായി പിവിആര്‍ സിഇഒ കാം ഗിയാൻചന്ദനി എക്സ് പോസ്റ്റിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്. “സാധാരണയായി, നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞങ്ങള്‍ പുറത്ത് അറിയാതെ തന്നെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ഇപ്പോള്‍ പറയേണ്ടതുണ്ട്. പിവിആര്‍ ഇനോക്സില്‍ ചില സിനിമകളുടെ പ്രദര്‍ശനം സംബന്ധിച്ച് ചില അസംബന്ധ പോസ്റ്റുകള്‍ ഞങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടു.
എല്ലാ നിര്‍മ്മാതാക്കളും അവരുടെ സിനിമകള്‍ ഞങ്ങളുടെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനം മാത്രമേ ഉള്ളൂ. ഒരേ തീയതിയില്‍ റിലീസ് ചെയ്യുന്ന വലിയ സിനിമകള്‍ക്കൊപ്പം വാണിജ്യപരമായ വിയോജിപ്പുകള്‍ ഉണ്ടാകും, ഇത്തരം സംഭവം ആദ്യമായിട്ടല്ല,അത് അവസാനത്തേതും ആയിരിക്കില്ല. എല്ലാം ഉടന്‍ ശരിയാകും. ഇത് സംബന്ധിച്ച അപവാദങ്ങള്‍ നിര്‍ത്തണം” പിവിആര്‍ സിഇഒ കാം ഗിയാൻചന്ദനി പറയുന്നു. അതേ സമയം സാക്നില്‍ക്.കോം കണക്ക് പ്രകാരം സലാറിന്റെ ഇതുവരെ 1,398,285 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. കൂടാതെ ആദ്യ ദിനം ഇതിനകം അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം 29.31 കോടി നേടിയിട്ടുിണ്ടെന്നാണ് കണക്ക്. റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രത്തിന്റെ റിലീസില്‍ 10430 ഷോകള്‍ ഉണ്ടാകും തെലുങ്കില്‍ പരമാവധി 4068 ഉം ഹിന്ദിയില്‍ 3803 ഷോകളും ഇതില്‍ ഉള്‍പ്പെടുന്നു. കെജിഎഫ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന് പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. പ്രഭാസിനൊപ്പം മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.