മുക്കൂട്ടുതറ : നിരാലംബർക്ക് കരുതലിന്റെ തണൽ വിരിച്ച് സിപിഎം നൽകുന്ന നൂറാമത്തെ വീട് മുക്കൂട്ടുതറയിൽ. പാണപിലാവ് കുന്നുംഭാഗം കോനാട്ട് വീട്ടിൽ തങ്കമ്മ രഘുനാഥനാണ് സംരക്ഷണത്തിന്റെ സ്നേഹമായി വീട് നൽകുന്നത്. 27 ന് പകൽ 11 ന് കോട്ടയം പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്ത് നടക്കുന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പാണപിലാവ് കുന്നുംഭാഗം കോനാട്ട് വീട്ടിൽ തങ്കമ്മ രഘുനാഥന് നൂറാംവീടിന്റെ താക്കോൽ നൽകും.
മുക്കൂട്ടുതറ ലോക്കൽ കമ്മിറ്റിയാണ് വീട് നിർമിച്ചത്. വിധവയും രണ്ടുകുട്ടികളുടെ അമ്മയുമായ തങ്കമ്മ ഭർത്താവ് രഘുനാഥന്റെ മരണത്തോടെയാണ് ഒറ്റപ്പെട്ടു പോയത്. ഏഴു ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് രണ്ട്കിടപ്പുമുറികളും ഹാളും അടുക്കളയും വർക്ക് ഏരിയയും ശൗചാലയവും അടക്കമുള്ള വീടാണ് പണിതീർത്തത്. സിപിഐ എം മുക്കുട്ടുതറ ലോക്കൽ സെക്രട്ടറി ഗിരീഷ്‌കുമാർ ചെയർമാനും പി ആർ സാബു കൺവീനറുമായിട്ടുള്ള കമ്മിറ്റിയാണ് വീടു നിർമാണത്തിന് നേതൃത്വം നൽകിയത്. ഇതുവരെ 103 വീടുകളാണ് ജില്ലയിൽ സിപിഐ എം പൂർത്തീകരിച്ചത്. കഴിഞ്ഞ സംസ്ഥാന സമ്മേളന തീരുമാനപ്രകാരമാണ് വീടില്ലാത്തവർക്ക് സൗജന്യമായി വീടുവച്ച് നൽകുകയെന്ന ദൗത്യം ഏറ്റെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രളയവും, കോവിഡുമെല്ലാം പ്രതിസന്ധികൾ സൃഷ്ടിച്ചെങ്കിലും ഏറ്റെടുത്ത ചുമതല കൃത്യതയോടെ പൂർത്തിയാക്കി. താക്കോൽ ദാന ചടങ്ങിൽ സഹകരണമന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി എ വി റസൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് നേതാക്കളായ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, എം വി ഗിരീഷ് കുമാർ, വി ഐ അജി എന്നിവർ അറിയിച്ചു.