തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ജനുവരിയില്‍ വന്നേക്കും. കൂടുതല്‍ സാധ്യതയുളള മണ്ഡലങ്ങളിലാണിത്.
കേരളത്തില്‍ തൃശൂരടക്കം ചില മണ്ഡലങ്ങള്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ട്. ദേശീയ തലത്തിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരഞ്ഞെടുപ്പ് വിജ്ഞാപനം ഫെബ്രുവരി അവസാനമോ, മാര്‍ച്ച് ആദ്യ വാരമോ ഉണ്ടാവും. തിരുവനന്തപുരത്തടക്കം കേരളത്തിലെ ചില മണ്ഡലങ്ങളില്‍ ഇക്കുറി അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചന. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തു നിന്ന് ഒ. രാജഗോപാല്‍ വിജയിച്ചതൊഴിച്ചാല്‍ ബി.ജെ.പിക്ക് കേരളം ബാലികേറാമലയാണ്.
21ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമവും കൈവിട്ടു. ഇക്കുറി ചരിത്രം മാറ്റിയെഴുതാനുളള വാശിയിലാണ് ബി.ജെ.പി. ആഗോള തലത്തില്‍ ശ്രദ്ധേയനും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ ഡോ.ശശി തരൂര്‍ തുടര്‍ച്ചയായി വിജയിച്ച തിരുവനന്തപുരം പിടിക്കാൻ വി.വി.ഐ.പി സ്ഥാനാര്‍ത്ഥി അനിവാര്യം. കേന്ദ്ര മന്ത്രിമാരായ ധനമന്ത്രി നിര്‍മ്മല സീതാരാമൻ, വിദേശകാര്യമന്ത്രി ജയശങ്കര്‍,ഐ.ടി.മന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരാണ് അഭ്യൂഹങ്ങളില്‍ പ്രധാനം.
തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പ്. കേന്ദ്രമന്ത്രി വി.മുരളീധരൻ ആറ്റിങ്ങലില്‍ മത്സരിച്ചേക്കും. പാര്‍ട്ടിയിലേക്ക് വന്ന അനില്‍ ആന്റണി, മേജര്‍ രവി തുടങ്ങി പേരുകളുമുണ്ട് പാര്‍ട്ടി പരിഗണനയില്‍. കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് ലോക്സഭാ എം.പിമാരില്ലെങ്കിലും സംസ്ഥാനത്തിന് നിരവധി പദ്ധതികള്‍ അനുവദിച്ചും, ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങളെ കൈയിലെടുത്തും ഇക്കുറി കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്.
സ്ഥിരം മുഖങ്ങളെ മാറ്റി നിറുത്തി പൊതു പ്രതിച്ഛായയുള്ള നേതാക്കളെ ഇറക്കാനാണ് ആലോചന. കഴിഞ്ഞ ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ 4,500 കോടിയുടെ വിവിധ പദ്ധതികള്‍ക്കാണ് തുടക്കമിട്ടത്. കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം, വൈദ്യുതീകരിച്ച ഡിണ്ഡിഗല് -പഴനി-പാലക്കാട് റെയില്‍വേ ലൈൻ സമര്‍പ്പണം, തിരുവനന്തപുരവും കോഴിക്കോടുമടക്കം നിരവധി റെയില്‍വേസ്റ്റേഷനുകളുടെ നവീകരണോദ്ഘാടനം, ഡിജിറ്റല്‍ സയൻസ് പാര്‍ക്കിന്റെ ശിലാ സ്ഥാപനം തുടങ്ങിയവയും പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. സംസ്ഥാനത്തേക്ക് രണ്ട് വന്ദേഭാരത് ട്രെയിൻ നല്കിയതും പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.