കണ്ണൂര്‍: വിദ്യാര്‍ത്ഥികളുടെ ചിന്താശേഷിയെ മരവിപ്പിക്കുന്നതാണ് നരേന്ദ്ര മോദിയുടെ ഭരണഘടന വിരുദ്ധമായ പുതിയ വിദ്യാഭ്യാസ നയമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദു രാഷ്ട്ര നിര്‍മ്മിതിക്ക് വേണ്ടിയുള്ള ഉപാധിയായി വിദ്യാഭ്യാസത്തെ മാറ്റുകയാണെന്നും,
വികലമായ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടത്തില്‍ കേരളമാണ് മുന്‍നിരയിലെന്നും കണ്ണൂരില്‍ നടന്ന കെ എസ് ടി എ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യവേ സീതാറം യെച്ചൂരി അഭിപ്രായപെട്ടു.
പൊതുവിദ്യാഭ്യാസമാണ് രാജ്യത്തിന്റെ അടിസ്ഥാന ശില. ഭരണഘടനാ മൂല്യങ്ങളിലും ശാസ്ത്ര ചിന്തയിലും ഊന്നിയ വിദ്യാഭ്യാസമാണ് വേണ്ടത്. ഇതിന് വിരുദ്ധമായതും തത്വചിന്തയുടെ മഹനീയ പാരമ്പര്യത്തെ ഇല്ലാതാക്കുന്നതുമാണ് പുതിയ വിദ്യാഭ്യാസ നയം. ഹിന്ദുത്വ ബോധത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കുകയാണ്. ഹിന്ദു ഭരണാധികാരികളെ മഹാന്‍മാരായും മുസ്ലീം ഭരണാധികാരികളെ മോശക്കാരായും അവതരിപ്പിക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വികലമായ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടത്തില്‍ കേരളമാണ് മുന്‍നിരയില്‍. കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത് രാജ്യത്തിന് മാതൃകയാണെന്നും സി പി എം ജനറല്‍ സെക്രട്ടറി പറഞ്ഞു. കെ എസ് ടി എ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായാണ് ദേശീയ വിദ്യാഭ്യാസ നയം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്. സ്വാഗത സംഘം ചെയര്‍മാന്‍ എം വി ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഡോ കെ എന്‍ ഗണേഷ് വിഷയം അവതരിപ്പിച്ചു. ഡോ ഷീന ഷുക്കൂര്‍, എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ്, സ്വാഗത സംഘം കണ്‍വീനര്‍ കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.