ഹൈദരാബാദ്: രാം ചരണ്‍ നായകനാകുന്ന പുതിയ ചിത്രത്തിന് എ.ആര് റഹ്മാന് സംഗീതം നല്‍കും. എആര്‍ റഹ്മാന്റെ ജന്മദിനത്തിലാണ് ആര്‍സി16 എന്ന് താല്കാലിക ടൈറ്റില്‍ നല്കിയ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ഇത് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രാം ചരണ്‍ എആര്‍ റഹ്മാന് ജന്മദിനാശംസയും നേര്‍ന്നു.
ആദ്യമായാണ് നേരിട്ട് ഒരു തെലുങ്ക് ചിത്രത്തില്‍ റഹ്മാന് സംഗീതം നല്‍കുന്നത്. ഒരു ആക്ഷന്‍ ത്രില്ലറാണ് ചിത്രം എന്നാണ് വിവരം. ചിത്രത്തിലെ മറ്റ് കാസ്റ്റിംഗ് വിവരങ്ങള്‍ പുറത്തുവരാന്‍ ഇരിക്കുന്നതെയുള്ളൂ. 2022 ല്‍ ആര്‍ആര്‍ആര്‍ എന്ന ഒസ്കാര്‍ വേദിയില്‍ അടക്കം വെന്നിക്കൊടി പാറിച്ച ചിത്രത്തിന് ശേഷം രാം ചരണിന്റെ ഒറ്റ ചിത്രവും പുറത്തിറങ്ങിയിട്ടില്ല. അതില്‍ ആരാധകര്‍ നിരാശയിലുമാണ്. എന്നാല്‍ നാലോളം ചിത്രങ്ങള്‍ രാം ചരണിന്റെതായി പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹിന്ദിയില്‍ ഇറങ്ങിയ ഒടിടി ചിത്രം പിപ്പയാണ് അവസാനമായി എആര്‍ റഹ്മാന് സംഗീതം നല്കിയ ചിത്രം. ബംഗ്ലാദേശ് വിമോചനവുമായി ബന്ധപ്പെട്ട ചിത്രമാണ് ഇത്. ആമസോണ്‍ പ്രൈമില്‍ ഒടിടി റിലീസായാണ് ചിത്രം എത്തിയത്. ഇതിന് പുറമേ 2023 ല്‍ എആര്‍ റഹ്മാന് പൊന്നിയിന്‍ സെല്വന് 2 അടക്കം അഞ്ച് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിരുന്നു.
ഉപ്പണ്ണ എന്ന സിനിമ സംവിധാനം ചെയ്ത ബുച്ചി ബാബു സനയാണ് രാം ചരണ്‍ ചിത്രം സംവിധാനം ചെയ്യുന്നത്. അതേ സമയം രണ്ട് ചിത്രങ്ങള്‍ ഇതിന് പുറമേ രാം ചരണിന്റെതായി ഒരുങ്ങുന്നുണ്ട്. കിയാര അദ്വാനി രാം ചരണിന്റെ നായികയായി അഭിനയിക്കുന്ന ആർസി 15, ഷങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമായ ഗെയിം ചേഞ്ചർ എന്നിവയാണ് അവ.
പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ഗെയിം ചെയ്ഞ്ചര്‍ ഈ വര്‍ഷം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജാണ് ഗെയിം ചെയ്ഞ്ചറിന്റെ കഥ എഴുതിയിരിക്കുന്നത്. 300 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ദില്‍ രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.