കോട്ടയം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ കോട്ടയം എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മുദ്രാവാക്യ വിളികളുമായി കോട്ടയം കലക്ടറേറ്റിനു മുന്നിൽ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകത്തേക്ക് പ്രവേശിക്കാൻ പൊലീസ് അനുവദിച്ചില്ല. ബാരിക്കേട് വെച്ച് പൊലീസ് വഴി തടഞ്ഞു. തുടർന്ന് രോഷാകുലരായ പ്രവർത്തകർ ബാരിക്കേടുകൾ മാറ്റി അകത്തു കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനെ തുടർന്ന് കോട്ടയം നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് പ്രതിഷേതത്തിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.