മുംബൈ: രാജ്യത്തെ മൂന്ന് ബാങ്കുകള്‍ക്ക് പണപ്പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇഎസ്എഎഫ് സ്മോള്‍ ഫിനാൻസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് എന്നിവയ്ക്ക് 2.49 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഒരു കമ്പനിക്ക് വായ്പ നല്‍കിയതിനാണ് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന് ആര്‍ബിഐ പിഴ ചുമത്തിയത്. ഒരു കോടി രൂപയാണ് ബാങ്ക് പിഴയായി കെട്ടിവെക്കേണ്ടത്.
‘ലോണുകളും അഡ്വാൻസുകളും – സ്റ്റാറ്റ്യൂട്ടറി, മറ്റ് നിയന്ത്രണങ്ങള്‍’, കെവൈസി, നിക്ഷേപങ്ങളുടെ പലിശ നിരക്കുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് ധനലക്ഷ്മി ബാങ്കിന് ആര്‍ബിഐ പിഴ ചുമത്തിയിരിക്കുന്നത്. 1.20 കോടി രൂപ ധനലക്ഷ്മി ബാങ്കും പിഴയായി കെട്ടിവെക്കണം. ‘ബാങ്കുകളിലെ കസ്റ്റമര്‍ സര്‍വീസ്’ എന്ന വിഷയത്തില്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് ഇസാഫ് സ്മോള്‍ ഫിനാൻസ് ബാങ്കിന് ആര്‍ബിഐ പിഴ ചുമത്തിയത്. 29.55 ലക്ഷം രൂപ പിഴ ഇസാഫ് സ്മോള്‍ ഫിനാൻസ് നല്‍കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46(4)(i)-നൊപ്പം സെക്ഷൻ 47A(1)(c) വകുപ്പുകള്‍ പ്രകാരം ആര്‍ബിഐക്ക് നല്‍കിയിട്ടുള്ള അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയതെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലെ പോരായ്മകളുടെ അടിസ്ഥാനത്തിലാണ് ഈ ബാങ്കുകള്‍ക്കെതിരായ നടപടിയെന്നും ബാങ്ക് ഇടപാടുകാരുമായി ഉണ്ടാക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ബാധിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.