പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പാലക്കാടും കൊച്ചിയിലും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി. പാലക്കാട് എസ്.പി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാൻ പ്രവര്‍ത്തകര്‍ തയ്യാറായില്ല. അവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നു. കൊച്ചിയില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലേക്കും കയറിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ നേരിട്ടത്.