ലണ്ടൻ: ദിവസങ്ങള്‍ക്ക് മുൻപ് കരബാവോ കപ്പില്‍ മിഡില്‍സ് ബ്രോയോടേറ്റ തോല്‍വിക്ക് പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ഇറങ്ങിയ ചെല്‍സിക്ക് ആശ്വാസം. സ്വന്തംതട്ടകമായ സ്റ്റാഫോര്‍ഡ് ബ്രിഡ്ജില്‍ എതിരില്ലാത്ത ഒരുഗോളിന് ഫുള്‍ഹാമിനെ കീഴടക്കി. ആദ്യ പകുതിയില്‍ കോള്‍ പാല്മെറിലൂടെയാണ് (45+4) നീലപട വിജയം കുറിച്ചത്. ഇതോടെ പോയന്റ് ടേബിളില്‍ മുൻ ചാമ്ബ്യൻമാര് പത്താം സ്ഥാനത്തുനിന്ന് എട്ടിലേക്ക് മുന്നേറി. കളിയുടെ തുടക്കം മുതല്‍ മുന്നേറി കളിച്ച ആതിഥേയര്‍ക്ക് ഫിനിഷിങിലെ പോരായ്മകള്‍ പലപ്പോഴും തിരിച്ചടിയായി. അര്‍മാൻഡോ ബ്രോജയെ സ്ട്രൈക്കറാക്കി 4-2-3-1 ഫോര്‍മേഷനിലാണ് ചെല്‍സി ഇറങ്ങിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ മത്സരത്തിലെ ആദ്യഗോള്‍നേടി. റഹിം സ്റ്റിര്‍ലിങിനെ ബോക്സില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി പാല്‍മെര്‍ അനായാസം വലയിലാക്കി. ഇതോടെ ഫുള്‍ഹാമിനോട് ഇതുവരെ സ്വന്തംതട്ടകത്തില്‍ പരാജയപ്പെട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താനും ചെല്‍സിക്കായി. നിലവില്‍ പോയന്റ് ടേബിളില്‍ 20 മാച്ചില്‍ 45 പോയന്റുമായി ലിവര്‍പൂളാണ് ഒന്നാമത്. 42 പോയന്റുള്ള ആസ്റ്റണ്‍വില്ല രണ്ടാമതും മാഞ്ചസ്റ്റര്‍ സിറ്റി(40)മൂന്നാമതുമാണ്. പരിക്കേറ്റ് കളത്തിന് പുറത്താണെങ്കിലും 14 ഗോളുമായി സിറ്റിയുടെ എര്‍ലിങ് ഹാളണ്ടാണ് ഗോള്‍വേട്ടക്കാരില്‍ മുന്നില്‍.