മെല്‍ബണ്‍ : ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നിസില്‍ പുരുഷ വിഭാഗത്തിലെ ആദ്യ റൗണ്ടില്‍ കസാഖിസ്താന്റെ ലോക 27-ാം നമ്പര്‍ താരം അലക്സാണ്ടര്‍ ബബ്ലികിനെ തകര്‍ത്ത് ഇന്ത്യയുടെ സുമിത് നാഗല്‍.രണ്ട് മണിക്കൂറും 38 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തില്‍ 6-4, 6-2, 7-6 സ്കോറിനാണ് സുമിത്തിന്റെ അട്ടിമറി ജയം.
ലോക റാങ്കിങ്ങില്‍ 137-ാം സ്ഥാനത്തുള്ള സുമിത്, 27-ാം റാങ്കുകാരനെതിരെ ഒട്ടും പതറാതെയാണ് മത്സരിച്ചത്. ആദ്യ രണ്ട് സെറ്റുകളില്‍ സുമിത്തിന്റെ ആധിപത്യം തന്നെയാണ് കാണാൻ കഴിഞ്ഞത്. എന്നാല്‍ മൂന്നാം സെറ്റില്‍ ബബ്ലിക് തിരിച്ചുവന്നെങ്കിലും സുമിത്തിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങാനായിരുന്നു വിധി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
26-കാരനായ സുമിത് നാഗല്‍ ഇതാദ്യമായിട്ടല്ല വമ്പൻ താരത്തെ അട്ടിമറിക്കുന്നത്. 2020-ല്‍ യു.എസ്. ഓപ്പണില്‍ ബ്രാഡ്ലി ക്ലാനെതിരെയും അട്ടിമറി ജയം നേടിയിരുന്നു.
ഗ്രാൻഡ്സ്ലാം പുരുഷവിഭാഗം മത്സരത്തില്‍ കഴിഞ്ഞ 36 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരിന്ത്യക്കാരൻ സീഡഡ് കളിക്കാരനെ തോല്‍പ്പിക്കുന്നത്. 1988 ഓസ്ട്രേലിയൻ ഓപ്പണില്‍ മാറ്റ്സ് വിലാൻഡറിനെതിരേ രമേശ് കൃഷ്ണ നേടിയതാണ് ഇതിന് മുൻപ് ഇന്ത്യ നേടിയ വലിയ ജയം. ഓസ്ട്രേലിയൻ ഓപ്പണില്‍ സുമിത് നാഗല്‍ ഇതാദ്യമായാണ് രണ്ടാം റൗണ്ടില്‍ പ്രവേശിക്കുന്നത്. 2021-ല്‍ ലിത്വാനിയയുടെ റിക്കാര്‍ഡസ് ബെറാങ്കിസിനോട് ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടിരുന്നു. ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ പ്രവേശിക്കുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് സുമിത്. റാങ്കിങ്ങില്‍ ആദ്യ 50 സ്ഥാനങ്ങളിലുള്ള ഒരാളോട് സുമിത് വിജയിക്കുന്നതും ഇതാദ്യമായാണ്.