കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിലെ ബിജെപി പരിപാടിയില്‍ നരേന്ദ്രമോദിക്കൊപ്പം പ്രൊഫ. ടിജെ .ജോസഫും. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടി ജെ ജോസഫിനെ ബിജെപി നേതാക്കളാണ് യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചത്. പ്രൊഫസര്‍ ടി ജെ ജോസഫ് തയാറാക്കിയ ചോദ്യ പേപ്പറില്‍ മത നിന്ദയുണ്ടെന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ കൈ പോപ്പുലര്‍ ഫ്രണ്ട് സംഘം വെട്ടിമാറ്റിയത്.13 വര്‍ഷം മുമ്പായിരുന്നു ദാരുണ സംഭവമുണ്ടായത്. കേസിലെ ഒന്നാം പ്രതി കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ അറസ്റ്റിലായത്. മറ്റ് പ്രതികള്‍ ശിക്ഷ അനുഭവിച്ച് വരികയാണ്.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മോദി ഗുരുവായൂരിലും ത്യപ്രയാര്‍ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി. കൊച്ചിൻ ഷിപ്പിയാര്‍ഡില്‍ 4000 കോടിയുടെ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. ശേഷമാണ് മറൈൻ ഡ്രൈവിലെ ബിജെപി പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. പ്രവര്‍ത്തകരുടെ യോഗത്തില്‍ മലയാളത്തില്‍ സംസാരിച്ച് തുടങ്ങിയ മോദി വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു. നിങ്ങളാണ് പാര്‍ട്ടിയുടെ ജീവനാഡിയെന്ന് പ്രവര്‍ത്തകരെ മോദി ഓര്‍മ്മിപ്പിച്ചു. ബൂത്തുകള്‍ നേടിയാല്‍ സംസ്ഥാനം നേടാൻ കഴിയും. എല്ലാ ബൂത്തുകളിലും കൃത്യമായ പ്രവര്‍ത്തനം നടത്തണം. യുവാക്കളെ കൂടുതലായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും മോദി ആഹ്വാനം ചെയ്തു.