ബാഗ്ലൂർ : ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം വേദിയായ അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്‍റി 20യില്‍ 22 റണ്‍സിന് നാല് വിക്കറ്റ് നഷ്ടമായൊരു ടീമിനെ 20 ഓവറില്‍ 212/4 എന്ന ഹിമാലയന്‍ ടോട്ടലിലേക്ക് എത്തിച്ചയാളുടെ പേരാണ് ഹിറ്റ്‌മാന്‍ അഥവാ രോഹിത് ശര്‍മ്മ. അഞ്ചാം വിക്കറ്റില്‍ റിങ്കു സിംഗിനൊപ്പം വെടിക്കെട്ടുമായി കരിയറിലെ ഏറ്റവും മികച്ച ട്വന്‍റി 20 സെഞ്ചുറി ബെംഗളൂരുവില്‍ കുറിച്ച രോഹിത് റെക്കോര്‍ഡ‍് പുസ്തകത്തില്‍ തന്‍റെ പേരെഴുതി.
രോഹിത് ശര്‍മ്മയുടെ രാജ്യാന്തര ട്വന്‍റി 20 കരിയറിലെ അഞ്ചാം സെഞ്ചുറിക്കാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയായത്. അന്താരാഷ്ട്ര ടി20യില്‍ അഞ്ച് ശതകങ്ങള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം ഹിറ്റ്മാന്‍ പേരിലാക്കി. നാല് വീതം സെഞ്ചുറികളുള്ള ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെ രോഹിത് മറികടന്നു. 2019 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ഹിറ്റ്മാന്‍റെ ബാറ്റില്‍ നിന്ന് കുട്ടിക്രിക്കറ്റിലൊരു മൂന്നക്കം പിറക്കുന്നത് എന്ന സവിശേഷതയുമുണ്ട്.