കൊല്ലം: പൊതുമേഖലാ സ്ഥാപനമായ കേരള വനം വികസന കോര്‍പ്പറേഷനില്‍ (കെ.എഫ്.ഡി.സി.) പെൻഷൻ പ്രായം ഉയര്‍ത്താൻ നീക്കം. ബോര്‍ഡുകളിലെയും കോര്‍പ്പറേഷനുകളിലെയും ‘അസിസ്റ്റന്റ് ‘ തസ്തികയില്‍ പി.എസ്.സി. റാങ്ക് പട്ടിക നിലവില്‍വന്നയുടനെയാണ് പെൻഷൻ പ്രായം 58-ല്‍നിന്ന് അറുപതായി ഉയര്‍ത്താൻ ശ്രമം നടത്തുന്നത്. ഡയറക്ടര്‍ ബോര്‍ഡില്‍ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് തൊഴിലാളി യൂണിയനുകളുടെ യോഗം വിളിച്ച് പെൻഷൻ പ്രായം ഉയര്‍ത്തുന്നതിന് അനുകൂലമായ തീരുമാനമെടുപ്പിക്കാനാണ് ശ്രമം. ഒരു പതിറ്റാണ്ടിലേറെ കോര്‍പ്പറേഷനില്‍ സി.ഐ.ടി.യു യൂണിയൻ നേതാവായിരുന്ന തൃശ്ശൂര്‍ ഡിവിഷണല്‍ മാനേജര്‍ ടി.കെ.രാധാകൃഷ്ണന്റെ രേഖാമൂലമുള്ള അഭ്യര്‍ത്ഥന മാനിച്ച് അസാധാരണ നടപടികളാണ് കെ.എഫ്.ഡി.സി.യില്‍ നടക്കുന്നത്.
പെൻഷൻ പ്രായം ഉയര്‍ത്തണമെന്നു കാട്ടി ടി.കെ.രാധാകൃഷ്ണൻ നല്‍കിയ നിവേദനം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ അജൻഡയില്‍ ഉള്‍പ്പെടുത്തി. ബോര്‍ഡിലെ സി.പി.എം.പ്രതിനിധി, ഇത്തരം ആലോചനതന്നെ സര്‍ക്കാര്‍ നിലപാടിനെതിരാണെന്നു പറഞ്ഞ് ശക്തമായി എതിര്‍ത്തു. സി.പി.ഐ. പ്രതിനിധി ഗോപിനാഥും വിയോജിച്ചു. ഒടുവില്‍ തൊട്ടടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ടി.കെ.രാധാകൃഷ്ണനെ കേള്‍ക്കാൻ തീരുമാനിച്ചു. ടി.കെ. രാധാകൃഷ്ണൻതന്നെ ബോര്‍ഡിനു മുന്നിലെത്തി പെൻഷൻ പ്രായം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഈ യോഗത്തിലും ബോര്‍ഡ് അംഗങ്ങളില്‍നിന്ന് എതിര്‍പ്പുണ്ടായി. ഇതേത്തുടര്‍ന്നാണ് തൊഴിലാളി യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
24-ന് രാവിലെ 11-ന് കോട്ടയത്തെ ഹെഡ് ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷും മാനേജിങ് ഡയറക്ടര്‍ ജോര്‍ജി പി.മാത്തച്ചനും തൊഴിലാളി യൂണിയൻ നേതാക്കളുമായി ചര്‍ച്ച നടത്തും. അനുകൂല നിലപാടെടുപ്പിക്കാൻ യൂണിയനുകള്‍ക്കുമേല്‍ സമ്മര്‍ദമുണ്ടെന്നാണ് അറിയുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയര്‍ത്തില്ലെന്ന് 2022 നവംബറില്‍ മന്ത്രിസഭയെടുത്ത തീരുമാനം നിലനില്‍ക്കെ, വളഞ്ഞവഴിയിലൂടെ പെൻഷൻ പ്രായം ഉയര്‍ത്തുന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ തിരിച്ചടിയാണ്. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളും ഇതേ വഴിയിലൂടെ പെൻഷൻ പ്രായം ഉയര്‍ത്താൻ ശ്രമിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു.