ഗുജറാത്ത്: വഡോദരയില്‍ ബോട്ട് മറിഞ്ഞു ഉണ്ടായ ദുരന്തത്തില്‍ 14 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 16 ആയി. യാത്ര ബോട്ട് ഓടിച്ച ഡ്രൈവറെയും മാനേജരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയാണ്. 14 പേർക്ക് പരമാവധി യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടില്‍ 30ലേറെ പേരെ കയറ്റി എന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായി. ഒന്നു മുതല്‍ 6 വരെ ക്ലാസുകള്‍ ഉള്ള വിദ്യാർത്ഥികള്‍ ആണ് വിനോദയാത്രയുടെ ഭാഗമായി തടാകത്തില്‍ എത്തിയത്.
ജാക്കറ്റ് അടക്കം സുരക്ഷാസംവിധാനങ്ങള്‍ ഒന്നും തന്നെ ബോട്ടില്‍ ഉണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് നല്കാൻ സംസ്ഥാന സർക്കാർ ജില്ലാ കലക്ടർ നിർദ്ദേശം നല്‍കിയിട്ടുണ്ട്. അനധികൃത ബോട്ട് സർവീസുകള്‍ക്കെതിരെ നേരത്തെ തന്നെ പരാതികള്‍ വഡോദര മുനിസിപ്പല്‍ കോർപ്പറേഷന്റെ മുന്നില്‍ വന്നതായി ഉള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സർക്കാറിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് വിമർശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. നടന്നത് ദുരന്തം അല്ലെന്നും നരഹത്യയാണെന്നും ഗുജറാത്ത് പിസിസി പ്രസിഡൻറ് ശക്തി സിംഗ് ഗോഹില്‍ പറഞ്ഞു.