ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
തൊടുപുഴ: ഇടുക്കിയിൽ സ്കോളർഷിപ്പിന് അർഹയായ പെൺകുട്ടിയുടെ പിതാവിൽ നിന്നും കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പട്ടിക ജാതി വികസന വകുപ്പിലെ ക്ലർക്ക് വിജിലൻസ് പിടിയിലായി. ഇടുക്കി ജില്ലയിലെ പട്ടികജാതി വികസന വകുപ്പിലെ ക്ലർക്ക് റഷിദ് പനയ്ക്കലിനെയാണ് കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെന്നൈയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ മകൾക്ക് പട്ടികജാതി – പട്ടിക വികസന വകുപ്പിൽ നിന്നും സർക്കാർ സ്കോളർഷിപ്പായി രണ്ടര ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക മാറി നൽകുന്നതിനായി കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് റഷീദിനെ വിജിലൻസ് സംഘം പിടികൂടിയത്.
മൂന്നാർ നല്ലതണ്ണി സ്വദേശിയായ മുരുകനായിരുന്നു പരാതിക്കാരൻ. ഇയാളിൽ നിന്നും ജില്ലാ പട്ടിക ജാതി വികസന വകുപ്പിലെ ക്ലാർക്ക് റഷീദ് പനയ്ക്കൽ 60000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിൽ 40000 രൂപ മുൻകൂറായി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുൻകൂറായി തുക നൽകാൻ മാർഗമില്ലെന്നും, സ്കോളർഷിപ്പ് തുക ലഭിച്ച ശേഷം പണം നൽകാമെന്ന് പരാതിക്കാരൻ അറിയിച്ചെങ്കിലും റഷീദ് വഴങ്ങിയില്ല.
കൈക്കൂലി നൽകിയില്ലെങ്കിൽ സ്കോളർഷിപ്പ് തുക മറ്റുള്ളവർക്ക് നൽകുമെന്നായിരുന്നു ഭീഷണി. ഈ സാഹചര്യത്തിൽ മുൻകൂർ തുകയായ 40000 രൂപ എന്നത് കുറച്ച് 25000 രൂപ ആക്കണമെന്ന് മുരുകൻ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച റഷീദ് കാൽ ലക്ഷം രൂപ കൈക്കൂലിയായി നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. തുടർന്നു പരാതിക്കാരനായ മുരുകൻ വിവരം കിഴക്കൽ മേഖലാ വിജിലൻസ് സൂപ്രണ്ട് വി.ജി വിനോദ്കുമാറിനെ സമീപിച്ചു.
തുടർന്നു, വിജിലൻസ് ഇടുക്കി യൂണിറ്റി ഡിവൈ.എസ്.പി വി.ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. തുടർന്നു, തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു വച്ച് മൂന്നു മണിയോടെ മുരുകനിൽ നിന്നും കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റഷീദിനെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. 2019 ലെയും, 2020ലെയും കൈക്കൂലി തുക കൈമാറുന്നതിനും മുരുകനിൽ നിന്നും റഷീദ് കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങിയിരുന്നു. റഷീദിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വിജിലൻസ് ഇൻസ്പെക്ടർമാരായ റെജി കുന്നിൻപറമ്പിൽ, വിനോദ്, മഹേഷ് പിള്ള, ഫിറോസ്, എസ്.ഐമാരായ സന്തോഷ്, എ.എസ്,ഐമാരായ സ്റ്റാൻലി, ബിജുവർഗീസ്, സഞ്ജയ്, ഷാജികുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സന്ദീപ്, കൃഷ്ണകുമാർ, ഷാജി എന്നിവരും ഒപ്പമുണ്ടായിരുന്നു.