കൊല്ലം: ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. കൊല്ലം വെളിച്ചിക്കാലയിലെ ഒരു സ്വകാര്യ പ്രീ പ്രൈമറി സ്‌കൂളിലെ വാനാണ് കൊല്ലം ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടിയത്. ഡ്രൈവര്‍ക്ക് സാധുതയുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും വാഹനത്തിന്റെ നികുതി അടച്ചിരുന്നില്ലെന്നും ആര്‍ടിഒ അറിയിച്ചു. റോഡ് സുരക്ഷ വാരത്തിന്റെ ഭാഗമായി ജില്ലയില്‍ സ്‌കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് സംഭവം.
തുടര്‍ന്ന് ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി വീടുകളില്‍ എത്തിക്കുകയായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ രാംജി.കെ.കരന്‍ ആണ് വാഹനം ഡ്രൈവ് ചെയ്ത് വിദ്യാര്‍ഥികളെ വീടുകളില്‍ എത്തിച്ചത്. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നജുമലും പരിശോധനയില്‍ പങ്കെടുത്തു. നിയമവിരുദ്ധമായി ബാനറുകളും പരസ്യങ്ങളും പതിച്ച നിരവധി വാഹനങ്ങള്‍ക്ക് താക്കീത് നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, കൊച്ചിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ ബസിന് അടിയില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു. എറണാകുളം പെരുമ്പാവൂരിലെ മെക്ക സ്‌കൂളിലെ ബസ് ഡ്രൈവര്‍ ഉമ്മറിന്റെ (54) ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ 12നാണ് അപകടമുണ്ടായത്. വീടിനു മുന്നില്‍ സഹോദരിയോടൊപ്പം സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി ബസിനു മുന്നിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. പെണ്‍കുട്ടി റോഡിന്റെ മറുഭാഗത്തേക്ക് കടക്കുമ്ബോള്‍ ബസ് അശ്രദ്ധമായി മുന്നോട്ടെടുത്തോടെ പെണ്‍കുട്ടി ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഇരുവശങ്ങളിലെയും ചക്രങ്ങള്‍ക്ക് നടുവില്‍ വീണതിനാല്‍ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പുറത്ത് വന്നിരുന്നു. തുടര്‍ന്നാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്.