കടുത്തുരുത്തി വലിയ പള്ളിയിലെ മൂന്നു നോമ്പ് തിരുനാള്‍; നാളെ കൊടിയേറ്റ്, പുറത്തു നമസ്‌ക്കാരം ചൊവ്വാഴ്ച

കടുത്തുരുത്തി: പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നു നോമ്പാചരണവും ഇടവക മധ്യസ്ഥയായ മുത്തിയമ്മയുടെ ദര്‍ശന തിരുനാളും നാളെ മുതല്‍ ജനുവരി 25 വരെ നടത്തപ്പെടുന്നു. കടുത്തുരുത്തി വലിയപള്ളിയിലെ പ്രധാന തിരുനാളാണ് മൂന്ന് നോമ്പ് തിരുനാള്‍. ഒരു സമൂഹം ദൈവകാരുണ്യത്തിനുവേണ്ടി നടത്തുന്ന രോദനവും യാചനയുമാണ് മൂന്നു നോമ്പിന്റെ കാതല്‍. ആത്മീയ ശുശ്രൂഷകളോടൊപ്പം മുത്തിയമ്മയ്ക്ക് അടിമവയ്ക്കുക, മുത്തിയമ്മയുടെ തിരുമുടി എഴുന്നള്ളിച്ച് കാഴ്ചവയ്ക്കുക, കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ എണ്ണ ഒഴിച്ച് ചുറ്റുവിളക്ക് കത്തിക്കുക തുടങ്ങിയവയാണ് പ്രധാന ചടങ്ങുകള്‍.

Advertisements

തിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റ് നാളെ രാവിലെ 6.45 ന് വികാരി ഫാ. അബ്രാഹം പറമ്പേട്ട് നിര്‍വ്വഹിക്കും. തുടര്‍ന്ന് വി. കുര്‍ബാനയ്ക്ക് ഭരണങ്ങാനം അസ്സീസി ജർമ്മൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഫാ. ജെബി മുഖച്ചിറയിൽ മുഖ്യകാര്‍മ്മികനായിരിക്കും. ജനുവരി 22 തിങ്കളാഴ്ച രാവിലെ 7 മണിക്ക് കോട്ടയം അതിരൂപതയിലെ നവ വൈദീകര്‍ ചേര്‍ന്ന് കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം 5.15 ന് ഐ.റ്റി.ഐ. ജംഗ്ഷനിലുള്ള വി. യൂദതദ്ദേവൂസിന്റെ കപ്പേളയില്‍ നിന്ന് പ്രദക്ഷിണം ആരംഭിച്ച് വി.ഗീവർഗീസ് സഹദായുടെ കപ്പേളയിലെത്തി പ്രാർത്ഥന നടത്തി 6 മണിക്ക് ദേവാലയത്തില്‍ പ്രവേശിച്ച് ദര്‍ശന സമൂഹത്തിന്റെ വാഴ്ച നടത്തും. തുടർന്ന് 7 മണിക്ക് മെഴുകുതിരി പ്രദക്ഷിണമായി മുത്തിയമ്മയുടെ തിരുസ്വരൂപം മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള ലൂര്‍ദ്ദ് ഗ്രോട്ടോയില്‍ പ്രതിഷ്ഠിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനുവരി 23 ചൊവ്വാഴ്ച രാവിലെ 6.30 ന് മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള കപ്പേളയില്‍ കണ്ണങ്കര പള്ളി വികാരി ഫാ. ജോസഫ് കീഴങ്ങാട്ടിന്റെ കാര്‍മ്മികത്വത്തിൽ കുര്‍ബാന നടക്കുന്നതാണ്. തുടർന്ന് 7.30 ന് പയ്യാവൂർ ടൗൺപള്ളി സഹവികാരി ഫാ. ജോൺസൻ ചെത്തിക്കുന്നേലിന്റെ മുഖ്യകാര്‍മ്മികത്വത്തിൽ സുറിയാനി പാട്ടുകുര്‍ബാനയും നടക്കും. വൈകുന്നേരം 7 ന് ലൂര്‍ദ്ദ് കപ്പേളയില്‍ ലദീഞ്ഞ്, ഫാ. ജിബിന്‍ കീച്ചേരില്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് മുത്തിയമ്മയുടെ തിരുസ്വരൂപം നാനാജാതി മതസ്ഥരായ വിശ്വാസികളുടെ അകമ്പടിയോടെ വലിയപള്ളിയിലേക്ക് സംവഹിക്കും. 8.30 ന് കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ മുത്തിയമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. തുടര്‍ന്ന് അദിലാബാദ് രൂപത മെത്രാൻ മാര്‍ പ്രിൻസ് ആൻറണി പാണേങ്ങാടൻ സന്ദേശം നല്‍കും. 9 ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ നേതൃത്വത്തിൽ പുറത്ത് നമസ്‌ക്കാരം നടക്കും. സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

അതിപുരാതനകാലം മുതല്‍ മൂന്നു നോമ്പിന്റെ രണ്ടാം ദിനത്തില്‍ കടുത്തുരുത്തി വലിയ പള്ളിയില്‍ മാത്രം നടത്തിവന്നിരുന്ന പ്രാര്‍ത്ഥനയാണിത്. പാപബോധത്തില്‍ നിന്ന് ഉളവാകുന്ന പശ്ചാത്താപവും ദൈവകാരുണ്യത്തിനു വേണ്ടിയുള്ള മുറവിളിയുമാണ് പുറത്തു നമസ്‌ക്കാരത്തിന്റെ ഉള്ളടക്കം. 9.45 ന് വി. കുര്‍ബാനയുടെ ആശീര്‍വാദം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട് നൽകും. ജനുവരി 24 ബുധനാഴ്ച രാവിലെ 6 മണിക്ക് വി. കുര്‍ബാന. ഫാ. ബൈജു അച്ചിറത്തലയ്ക്കല്‍ കാര്‍മ്മികനായിരിക്കും. 7 ന് ചിങ്ങവനം പള്ളി വികാരി ഫാ. ബിജു കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ മലങ്കര പാട്ടുകുര്‍ബാന നടക്കും. 10 മണിക്ക് ആഘോഷമായ തിരുനാള്‍ റാസ. ഫാ. ഗ്രെയ്സൻ വേങ്ങയ്ക്കൽ മുഖ്യകാര്‍മ്മികനായിരിക്കും. ഫാ. ജോസഫ് പുതുപ്പറമ്പിൽ, ഫാ. ജിബിൻ മണലോടിയിൽ, ഫാ.സനൂപ് കൈതക്ക നിരപ്പേൽ, ഫാ.ജോൺ താഴപ്പള്ളി എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. ചെറുകര പള്ളിവികാരി ഫാ.ബെന്നി കന്നുവെട്ടിയിൽ തിരുനാള്‍ സന്ദേശം നല്‍കും. 12.30 ന് കുരിശുംമൂട് കടവ് കുരിശടിയിലേക്ക് പ്രദക്ഷിണം. 1.30 ന് താഴത്തുപള്ളി വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ വി. കുര്‍ബാനയുടെ ആശീര്‍വാദം നല്‍കും. വൈകുന്നേരം 5 മണിക്ക് വി. കുര്‍ബാന ഫാ.ബൈജു എടാട്ട് കാര്‍മ്മികനായിരിക്കും. ജനുവരി 25 വ്യാഴാഴ്ച രാവിലെ 6.45 ന് പരേതരായ പൂര്‍വ്വികര്‍ക്കുവേണ്ടി വി. കുര്‍ബാന തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനവും നടത്തപ്പെടുന്നതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.