മെല്‍ബണ്‍: ഓസീസ് തീയിൽ വെന്തുരുകിയ ഇംഗ്ലണ്ടിന് ചാരമാകാതെ രക്ഷയില്ല.ആഷസില്‍ തുടര്‍ച്ചയായ മൂന്നാം പരാജയത്തിന്റെ വക്കിലാണ് ഇംഗ്ലണ്ട്. ഓസ്ട്രേലിയക്കെതിരെ ആദ്യ ഇന്നിങ്സില്‍ 82 റണ്‍സ് ലീഡ് വഴങ്ങിയ സന്ദര്‍ശകര്‍ക്ക് രണ്ടാം ഇന്നിങ്സില്‍ 31 റണ്‍സെടുക്കുമ്പോഴേക്കും നാലു വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു.ആറു വിക്കറ്റ് മാത്രം കൈയിലിരിക്കെ 51 റണ്‍സ് പിന്നിലാണവര്‍.
ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്സില്‍ 185ന് പുറത്താക്കിയ ശേഷം രണ്ടാംദിനം ഒരു വിക്കറ്റിന് 61 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഓസീസ് ഇന്നിങ്സ് 267ല്‍ അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിനായി. നാലു വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സണും രണ്ടു പേരെ വീതം പുറത്താക്കിയ ഒലി റോബിന്‍സണും മാര്‍ക് വുഡും ചേര്‍ന്നാണ് ആതിഥേയരെ ഒതുക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍, ബൗളിംഗിലെ ഈ മികവ് മുതലാക്കാന്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്കായില്ല. 22 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും സാക് ക്രോളി (5), ഹസീബ് ഹമീദ് (7), ഡേവിഡ് മലാന് (0), ജാക് ലീച് (0) എന്നിവര്‍ വിജയം മറന്ന് പവലിയനില്‍ തിരിച്ചെത്തി. മിച്ചല്‍ സ്റ്റാര്‍കും സ്കോട്ട് ബോളണ്ടുമാണ് ഓവറില്‍ രണ്ടു വിക്കറ്റ് വീതവുമായി ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചത്. ക്യാപ്റ്റന്‍ ജോ റൂട്ടും (12) ബെന്‍ സ്റ്റോക്സും (2) ആണ് ക്രീസില്‍.
ഇംഗ്ലണ്ട് പ്രതീക്ഷകൾ ഇനി ക്യാപ്റ്റർ റൂട്ടിലും ഓൾ റൗണ്ടർ സ്റ്റോക്സിലുമാണ്. അമിത ഫോമിലുള്ള ഓസീസ് പേസ് നിരയെ ഇംഗ്ലീഷ് ടീം മറി കടന്നാൽ മാത്രമേ പരാജയത്തിന്റെ പടുകുഴിയിൽ നിന്നും ഇംഗ്ലണ്ടിന് മോചനമുള്ളൂ. മറിച്ചായാൽ നാണക്കേടിന്റെ ചാരത്തിലേക്ക് ഇംഗ്ലീഷ് ക്രിക്കറ്റ് കൂപ്പു കുത്തും.