കുമരകം : സഞ്ചയന കർമ്മത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ കാണാതായ ഗൃഹനാഥനെ തോട്ടിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമരകം പതിനാറാം വാർഡിൽ തെക്കെ ആഞ്ഞിലി പറമ്പിൽ ജയകുമാർ (പാപ്പ -71 ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി തെള്ളായിരത്തിലെ സഞ്ചയന വീട്ടിലെത്തി ബന്ധുക്കളോടൊപ്പം മടങ്ങവെയായിരുന്നു അപകടം.
വിരുപ്പുകാല മാഞ്ചിറ പാലത്തിന് സമീപത്തു വച്ച് ജയകുമാർ വെള്ളത്തിൽ വീഴുകയായിരുന്നു. മാഞ്ചിറ പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ പഴയ ജങ്കാറും തകിടുകളും ഉപയോഗിച്ച് തയ്യാറാക്കിയ താൽക്കാലിക നടപ്പാതയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. മകൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മുന്നേ നടന്ന് പോയെങ്കിലും പിന്നാലെ നടന്നു വന്ന ജയകുമാർ വെള്ളത്തിൽ വീണത് ഇവർ അറിഞ്ഞില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് നടത്തിയ അന്വേഷണത്തിൽ ചെരുപ്പ് വെള്ളത്തിൽ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ജയകുമാറിനെ വെള്ളത്തിൽ നിന്ന് കണ്ടെത്തുന്നത്. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ ജയശ്രീ (മേരി) വേളൂർ അകംപാടത്ത് ചിറ കുടുംബാംഗമാണ്. മക്കൾ ശ്യാംകുമാർ , ഉദയ കുമാർ. മരുമക്കൾ വിനീത (തലയോലപറമ്പ്), ഷീജ ( പാണാവള്ളി ).