കുമരകത്ത് നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം : കുമരകത്തെ റിസോർട്ടായ ലേക്ക് റിസോർട്ടിലേയ്ക്ക് പന്തൽ നിർമ്മാണ ജോലികൾക്കുള്ള സാധനങ്ങൾ ഇറക്കുന്നത് തടഞ്ഞ് ചുമട്ട് തൊഴിലാളികൾ. കുമരകത്തെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള ചുമട്ട് തൊഴിലാളികളാണ് നോക്ക് കൂലി ആവശ്യപ്പെട്ട് ലോറി തടഞ്ഞിട്ടത്. രണ്ടായിരം രൂപ കഴിഞ്ഞ ദിവസം നൽകിയെങ്കിലും വീണ്ടും പണം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം സംക്രാന്തിയിലെ പന്തൽ നിർമാണ കരാറുകാരനാണ് ലേക്ക് റിസോർട്ടിൽ പന്തലിന്റെ സാമഗ്രികളുമായി എത്തിയത്. കഴിഞ്ഞ ദിവസം ഇദേഹം ഇവിടെ എത്തിയപ്പോൾ ഒരു വിഭാഗം ചുമട്ട് തൊഴിലാളികൾ ലോറി തടഞ്ഞ് രംഗത്ത് എത്തുകയായിരുന്നു. തുടർന്ന്, ഇദേഹം 2000 രൂപ ഇവർക്ക് നൽകി. എന്നാൽ ലോറിയിൽ നിന്ന് സാധനങ്ങൾ ഇറക്കാൻ നിൽക്കാതെ ഇവർ സ്ഥലം വിടുകയായിരുന്നു.
തുടർന്ന് , ചൊവ്വാഴ്ച രാവിലെ വീണ്ടും സാധന സാമഗ്രികളുമായി ഇദേഹം കുമരകത്ത് എത്തി. ഇവിടെ എത്തിയ ഉടൻ തന്നെ ചുമട്ട് തൊഴിലാളികൾ ലോറി തടയുകയായിരുന്നു. രണ്ടായിരം രൂപ കൂടി വേണമെന്നാവശ്യപ്പെട്ടാണ് ഇവർ ഇദേഹത്തെ തടഞ്ഞത്. തുടർന്ന് പന്തൽ ഇറക്കുന്നത് അടക്കം തടസപ്പെട്ടു. രാവിലെ മുതൽ തന്നെ ഭീഷണി തുടരുകയായിരുന്നു ചുമട്ട് തൊഴിലാളികൾ.
കുമരകം പ്രദേശത്ത് ചുമട്ട് തൊഴിലാളികൾ സ്ഥിരമായി റിസോർട്ടുകളിൽ അടക്കം ഭീഷണി മുഴക്കുന്നത് പതിവാണ് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നോക്ക് കൂലി അടക്കം ആവശ്യപ്പെട്ടാണ് തൊഴിലാളികൾ പലപ്പോഴും പ്രശ്നം ഉണ്ടാക്കുന്നതെന്ന് ആരോപണം ഉണ്ട്. ഈ സാഹചര്യത്തിൽ അധികൃതർ കൂടുതൽ പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ കുമരകത്ത് ടൂറിസ്റ്റുകൾക്ക് പോലും ഭീഷണി ഉണ്ടാകുമെന്നും ഇവർ ആരോപിക്കുന്നു.