തിരുവനന്തപുരം: മുഖ്യമന്ത്രിയോടും സർക്കാരിനോടുമുള്ള തർക്കത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ഭാവത്തോടെയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് നിയമസഭയിലെത്തിയതും മടങ്ങിയതും. ശരീരഭാഷയിലും ചലനത്തിലും തന്റെ അനിഷ്ടം അദ്ദേഹം പ്രകടമാക്കുകയും ചെയ്തു. നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിനായി നാടകീയമായി ആയിരുന്നു ഗവർണറുടെ വരവും പോക്കും. നിയമസഭാ കവാടവത്തില് ബൊക്കെയുമായാണ് മുഖ്യമന്ത്രിയും സ്പീക്കറും ഗവർണറെ കാത്തിരുന്നത്. കൃത്യസമയത്തുതന്നെ എത്തിയ ഗവർണർ മുഖ്യമന്ത്രിയില്‍ നിന്നും സ്പീക്കറില്‍ നിന്നും ബൊക്കെ സ്വീകരിച്ചു. എന്നാല്‍, മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കാനോ ഒരു പുഞ്ചിരി കൈമാറാനോ ഗവർണർ തയ്യാറായില്ല.
ഗൗരവഭാവത്തില്‍ അലക്ഷ്യമായി ഒരു കൈക്കൂപ്പല് നടത്തിയ ശേഷം മുന്നോട്ടുനടന്നു. തുടർന്ന് നിയമസഭയ്ക്കുള്ളിലേക്ക് കയറിയ ഗവർണർ മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ തന്നെ സ്പീക്കറുടെ ഡയസിലേക്ക് പോയി. പോകുന്നതിനിടെ എഴുന്നേറ്റുനിന്ന ഭരണപക്ഷ നിരയിലെ മന്ത്രിമാരടക്കമുള്ളവർ കൈക്കൂപ്പിയെങ്കിലും അവരുടെ മുഖത്ത് നോക്കാതെയും പുഞ്ചിരിക്കാതെയുമായിരുന്നു ഗവർണർ തിരിച്ച് കൈക്കൂപ്പിയത്. ദേശീയ ഗാനത്തിന് ശേഷം ഗവർണർ പ്രസംഗിക്കാനായി എഴുന്നേറ്റ് നിന്നപ്പോള്‍ എല്ലാം ഒത്തുത്തീർപ്പായോ എന്ന് പ്രതിപക്ഷ നിരയില്‍ നിന്ന് ചോദ്യങ്ങളുയർന്നു. ഗൗരവത്തോടെ പ്രതിപക്ഷ ഭാഗത്തേക്ക് നോക്കിയ ഗവർണർ പ്രസംഗം ആരംഭിച്ചു. ആമുഖം വായിച്ച ശേഷം ഞാൻ അവസാന ഖണ്ഡിക വായിക്കുകയാണെന്ന് അറിയിച്ചു. തുടർന്ന് അവസാന ഖണ്ഡിക വായിക്കുകയും ദേശീയ ഗാനത്തിന് ശേഷം ഉടൻ സഭ വിടുകയുമായിരുന്നു. പോകുന്ന ഘട്ടത്തിലും മുഖ്യമന്ത്രി കൂടെ ചെന്നെങ്കിലും അദ്ദേഹത്തെ തിരിഞ്ഞ് നോക്കാൻപോലും ഗവർണർ തയ്യാറായില്ല.